ബംഗളൂരു: അമ്മയെ കൊലപ്പെടുത്തുകയും സഹോദരനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത് കാമുകനൊപ്പം ഒളിച്ചോടിയ വനിതാ ടെക്കി പിടിയില്‍. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ അമൃത(33)യെയും കാമുകനെയുമാണ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
ഫെബ്രുവരി രണ്ട് ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അമൃതയ്ക്ക് 15 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഇത് കുടുംബത്തിന് നാണക്കേടാകുമെന്ന് ഭയന്നാണ് അമൃത അമ്മയെ കുത്തിക്കൊലപ്പെടുത്തിയത്. ഇതിനെചൊല്ലി അമൃതയും അമ്മയും തമ്മില്‍ വഴക്കുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുശേഷം സഹോദരന്‍ ഹരീഷിനെ കൊലപ്പെടുത്താനും ശ്രമിച്ചു.
എന്നാല്‍ ശ്രമം പരാജയപ്പെട്ടതോടെ അമൃത കാമുകനൊപ്പം നാടുവിടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയ ബംഗളൂരു പോലീസ് അമൃതയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് യുവതിയെ പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് കടന്നുകളഞ്ഞ അമൃത കാമുകനൊപ്പം ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
തുടര്‍ന്ന് ഇരുവരും ആന്‍ഡമാനിലേക്ക് കടന്നതായി സ്ഥിരീകരിച്ചതോടെ ബംഗളൂരു പോലീസിന്റെ പ്രത്യേകസംഘം ചൊവ്വാഴ്ച രാത്രി അവിടേക്ക് തിരിച്ചു. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് അന്വേഷണസംഘം ഇവരുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തി. തുടര്‍ന്ന് ആന്‍ഡമാനില്‍ ഉല്ലസിക്കുന്നതിനിടെ ഇരുവരെയും പോലീസ് പിടികൂടി.
Discussion about this post