ന്യൂഡൽഹി: ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ രൂക്ഷണായി പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള വർഗീയ സംഘർഷങ്ങളല്ല ശാസ്ത്ര, സാമൂഹ്യരംഗത്തെ മുന്നേറ്റം മാത്രമേ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കൂവെന്ന് കെജരിവാൾ ബിജെപിയോടായി പറഞ്ഞു. ഷഹീൻ ബാഗ് വെടിവെപ്പ് ഉപയോഗിച്ച് എഎപിക്കെതിരെ അമിത് ഷാ വിലകുറഞ്ഞ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കുറ്റപ്പെടുത്തി.
പുരോഗതിയിലേയ്ക്ക് കുതിക്കാൻ ആവശ്യമായ പ്രകൃതി-മനുഷ്യ വിഭവശേഷി ഇന്ത്യയ്ക്കുണ്ട്. എന്നാൽ മോശം വ്യവസ്ഥിതിയും മോശം രാഷ്ട്രീയവും അതിന് തടസ്സം സൃഷ്ടിക്കുകയാണ്. വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, ശാസ്ത്രം തുടങ്ങിയ മേഖലകളിലുള്ള വളർച്ചയാണ് 21ാം നൂറ്റാണ്ടിലെ ഇന്ത്യയെ രൂപപ്പെടുത്തുക. മുസ്ലിങ്ങൾക്കെതിരായി ഹിന്ദുക്കളെ തിരിച്ചുവിടുന്നതുകൊണ്ട് രാജ്യത്തിന് പുരോഗതിയുണ്ടാവില്ലെന്നും കെജരിവാൾ പറഞ്ഞു.
തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കുമ്പോൾ ഷഹീൻബാഗിലെ വെടിവെയ്പ്പ് ആപ്പിന്റെ തലയിൽ കെട്ടിവെയ്ക്കാൻ ഡൽഹി പോലീസിനെ ഉപയോഗിച്ച് അമിത് ഷാ വിലകുറഞ്ഞ ഗൂഢാലോചന നടത്തുകയാണെന്നും കെജരിവാൾ ആരോപിച്ചു. ഫെബ്രുവരി എട്ടിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ എതിരാളികൾ ആം ആദ്മിയും ബിജെപിയുമാണ്. വർഗ്ഗീയത പ്രസംഗിച്ചും അധിക്ഷേപപരാമർശങ്ങൾ എതിരാളികൾക്ക് മേൽ ചൊരിഞ്ഞും അനുരാഗ് ഠാക്കൂർ, പർവേഷ് വെർമ തുടങ്ങി നിരവധി ബിജെപി മുൻനിര നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക് നേരിട്ടിരുന്നു.
Discussion about this post