ന്യൂഡല്‍ഹി: പുരുഷ സൈനികരില്‍ ഭൂരിഭാഗം പേരും ഗ്രാമീണമേഖലയില്‍ നിന്നുള്ളവരായതിനാല്‍ വനിതാ കമാന്‍ഡര്‍മാരുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ മാനസികമായി ഇവര്‍ തയ്യാറായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സൈന്യത്തിലെ കമാന്‍ഡര്‍ പോസ്റ്റുകളിലേക്ക് വനിതകളെ നിയമിക്കുന്നതിനുള്ള വിലക്ക് നീക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മാനസിക ചിന്തയിലും മാറ്റം വരുത്തണമെന്ന് കോടതി വ്യക്തമാക്കി. സൈന്യത്തിലെ കമാന്‍ഡര്‍ പോസ്റ്റുകളിലേക്ക് വനിതകളെ നിയമിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. വനിതകളെ കമാന്‍ഡര്‍ പോസ്റ്റില്‍ നിയമിച്ചാല്‍ അത് സൈന്യത്തിന്റെ പ്രവര്‍ത്തന രീതിയെ ബാധിക്കുമെന്നും വനിതകളുടെ ശാരീരികവും കുടുംബപരവുമായ പരിമിതികളും നിയമനത്തിന് തടസമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
വനിതകള്‍ യുദ്ധത്തടവുകാര്‍ ആകുന്നത് ഒഴിവാക്കപ്പെടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പുരുഷന്മാരേക്കാള്‍ വളരെയധികം ഉയരാന്‍ കഴിയുന്ന വനിതകള്‍ എന്തിനാണ് തുല്യത എന്ന ചെറിയ ആവശ്യം ഉന്നയിക്കുന്നത് എന്ന സോളിസിറ്റര്‍ ജനറലിന്റെ വാദത്തെ ഹരജിക്കാര്‍ എതിര്‍ത്തു.
അഭിനന്ദന്‍ വര്‍ദ്ധമാന്‍ എഫ് 16 വിമാനം വെടിവച്ചിട്ടപ്പോള്‍ അതിന്റെ മിഷന്‍ കമാന്‍ഡര്‍ വനിത ആയ മിന്റി അഗര്‍വാള്‍ ആയിരുന്നുവെന്നും മിന്റിയെ രാജ്യം യുദ്ധ സേവാ മെഡല്‍ നല്‍കി ആദരിച്ചിട്ടുണ്ടെന്നും കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമണത്തെ നേരിട്ട സൈനിക മിത്താലി മധുമിതയുടെയും ധീരത രാജ്യം അംഗീകരിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
അതേ സമയം വനിതകളെ പൂര്‍ണ്ണമായും കമാന്‍ഡര്‍ പോസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇന്ന് വനിതകള്‍ മികച്ച സേവനം ആണ് കാഴ്ച വയ്ക്കുന്നത്. യുദ്ധഭൂമികളില്‍ ഒഴികെയുള്ള മേഖലകളില്‍ വനിതകളെ നിയമിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്ജിയില് അടുത്ത ചൊവ്വാഴ്ച്ച സുപ്രീംകോടതി വിധി പ്രസ്താവിച്ചേക്കും