ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി ട്രസ്റ്റ് രൂപീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. പള്ളി നിര്‍മ്മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്.
ഫെബ്രുവരി ഒന്‍പതിന് മുന്‍പ് ട്രസ്റ്റ് രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ക്ഷേത്രം നിര്‍മ്മിക്കാന്‍ പദ്ധതി രൂപീകരിച്ചെന്ന് മോഡി ലോക്‌സഭയില്‍ അറിയിച്ചു. രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്.
67.7ഏക്കര്‍ ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റിന് കൈമാറിയെന്നും മോഡി വ്യക്തമാക്കി. ട്രസ്റ്റിന്റെ പ്രവര്‍ത്തനം സ്വതന്ത്രമായിരിക്കും. ട്രസ്റ്റിലെ അംഗങ്ങള്‍ ആരൊക്കെയെന്ന കാര്യം പ്രധാനമന്ത്രി ലോക്‌സഭയെ അറിയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഉടന് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ജയ് ശ്രീറാം വിളികളോടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന സഭയിലെ ബിജെപി അംഗങ്ങള്‍ സ്വീകരിച്ചത്. ഭാരതത്തില്‍ ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍ ബുദ്ധിസ്റ്റ്, പാര്‍സ്, ജെയിന്‍ എല്ലാവരും ഒരു കുടുംബമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
Discussion about this post