ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി ഗൗതം ഗംഭീര്‍. കെജരിവാള്‍ മുഖ്യകാപട്യക്കാരനാണെന്ന് ഗംഭീര്‍ പരിഹസിച്ചു.
ഷഹീന്‍ബാഗിലെ പൗരത്വപ്രതിഷേധവേദിക്ക് സമീപം വെടിവെപ്പ് നടത്തിയത് ആം ആദ്മി പ്രവര്‍ത്തകരാണെന്ന ഡല്‍ഹി പോലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അദ്ദേഹം കെജരിവാളിനെതിരെ രംഗത്ത് എത്തിയത്.
‘ആശ്ചര്യപ്പെടുത്തുന്ന മുഖ്യമന്ത്രിയാണ് ഇത്. അണ്ണാ ഹസാരെയോട് നുണ പറഞ്ഞു, പിന്നെ സുഹൃത്തുക്കളോട് കള്ളം പറഞ്ഞു, സര്‍ക്കാരുകളോട് കള്ളം പറഞ്ഞു. ഇപ്പോഴിതാ ഡല്‍ഹിയിലെ ആയിരക്കണക്കിന് ജനങ്ങളോടും കള്ളം പറഞ്ഞു. ഇത് മുഖ്യമന്ത്രിയാണോ മുഖ്യ കാപട്യക്കാരനോ’- ഗംഭീര്‍ ട്വീറ്റ് ചെയ്തു.
ഷഹീന്‍ബാഗില്‍, ആകാശത്തേക്ക് വെടിയുതിര്‍ത്തതിനു പിന്നാലെ അറസ്റ്റിലായ ആള് ആം ആദ്മി പാര്‍ട്ടി അംഗമെന്ന് ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജയ് ശ്രീ റാം എന്നു വിളിച്ചു കൊണ്ടായിരുന്നു ഇയാള്‍ വെടിയുതിര്‍ത്തത്. 2019ന്റെ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് പിടിയിലായ ആള് സമ്മതിച്ചെങ്കിലും ഇക്കാര്യം ആം ആദ്മി പാര്‍ട്ടി നിഷേധിച്ചു.