ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളം സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ഹർജിയുടെ പകർപ്പ് കൈപ്പറ്റി. ഒരു മാസത്തിനകം കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മറുപടി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ട മറുപടി തയ്യാറാക്കാൻ ചർച്ച തുടങ്ങിയതായാണ് സൂചന. ഗവർണറുടെ ഓഫീസ് എജിയുടെ ഓഫീസുമായി വിഷയത്തിൽ ചർച്ച നടത്തി. ഗവർണർ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് അയക്കും. പ്രാഥമിക റിപ്പോർട്ട് കിട്ടിയെന്നും ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഗവർണറുടെ റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും മുമ്പ് ഗവർണറുടെ അനുമതി വാങ്ങിയില്ലെന്ന ആരോപണത്തിൽ സംസ്ഥാന സർക്കാരും ഗവർണറും ഏറ്റുമുട്ടിയിരുന്നു. റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് മാത്രമാണ് സർക്കാർ പ്രവർത്തിച്ചിട്ടുള്ളതെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവർണറെ മുൻകൂട്ടി അറിയിക്കേണ്ട കാര്യം ചട്ടപ്രകാരം ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വിശദീകരിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്തിന്റെ നടപടിയോടുള്ള എതിർപ്പ് രേഖാമൂലം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചിട്ടില്ല. വാക്കാൽ എതിർപ്പ് അറിയിക്കുക മാത്രമാണ് ചെയ്തത്. സർക്കാർ പക്ഷെ രേഖാമൂലം ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post