മുംബൈ: ബിജെപി സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും സ്വപ്ന പദ്ധതിയായ മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ വെള്ളാനയെന്ന് വിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേന മുഖപത്രമായ സാമ്നയുടെ എക്സിക്യൂട്ടീവ് എഡിറ്റർ സഞ്ജയ് റാവത്തിന് നൽകിയ അഭിമുഖത്തിലാണ് ഉദ്ധവ് കേന്ദ്ര സർക്കാരിനെ വിമർശിച്ചത്.
രാജ്യത്ത് വിഭവങ്ങൾ പരിമിതമാണ്. അതിനാൽ അവ ശ്രദ്ധയോടെ ഉപയോഗിക്കണം. വികസന പ്രവർത്തനങ്ങൾക്ക് മുൻഗണനാക്രമം നിശ്ചയിക്കണം. ആരെങ്കിലും കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നു എന്നതിന്റെ പേരിൽ ഒരു വെള്ളാനയെ ചുമക്കേണ്ട ആവശ്യമില്ല. ബുള്ളറ്റ് ട്രെയിൻ പദ്ധതി ചിലരുടെ സ്വപ്നമാകാം. എന്നാൽ, ഉറക്കം ഉണരുമ്പോൾ നമ്മൾ യാഥാർഥ്യത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം മോഡിയുടെ പേരെടുത്ത് പറയാതെ ഒളിയമ്പെറിഞ്ഞു.
കേന്ദ്ര സർക്കാർ ആഗോള നിക്ഷേപകരെ മഹാരാഷ്ട്രയിൽനിന്ന് ആട്ടിയോടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ നയങ്ങളിൽ സ്ഥിരതയില്ലാത്തത് നിക്ഷേപകരെ അകറ്റുകയാണ്. ജിഎസ്ടി നടപ്പാക്കിയതിനുശേഷം അടിമുടി അനിശ്ചിതത്വമാണെന്നും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി.
Discussion about this post