ബിദാർ: അമ്മ തിരിച്ചുവരുന്നതും കാത്ത് തനിച്ചിരിക്കുന്ന സ്‌കൂളിൽ 9 വയസുകാരി നാടിന് തന്നെ നൊമ്പരമാകുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അമ്മ നജ്മുന്നിസ മോചിതയാകുന്നതും കാത്ത് കഴിയുകയാണ് ഈ കുട്ടി. ഉറ്റവരില്ലാതെ വീട്ടിൽ അമ്മയെവിടെ എന്ന ചോദ്യത്തിന് മുന്നിൽ പൊട്ടിക്കരയാനല്ലാതെ മറ്റൊന്നും കഴിയാത്ത അവസ്ഥയിലാണ് കർണാടക ബിദാറിലെ ഷഹീൻ ഉറുദു പ്രൈമറി സ്‌കൂളിലെ ഈ കുട്ടി.
പൗരത്വ നിയമ ഭേദഗതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ച് അഞ്ചാം ക്ലാസുകാരിയായ മകൾ സ്‌കൂളിൽ നാടകം അവതരിപ്പിച്ചെന്ന കുറ്റത്തിനാണ് കുട്ടിയുടെ അമ്മ നജ്മുന്നിസയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ നജ്മുന്നിസയ്‌ക്കെതിരെയും സ്‌കൂൾ ഹെഡ്മിസ്ട്രസ് ഫരീദ ബീഗത്തിനെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 35 കാരിയായ നജ്മുന്നിസ അറസ്റ്റിലായതോടെ ഒറ്റപ്പെട്ട് പോയ ഒമ്പതുകാരിയെ ഇവർ താമസിക്കുന്ന വാടക വീടിന്റെ ഉടമയുടെ ഭാര്യയാണ് ഇപ്പോൾ നോക്കുന്നത്.
കുട്ടിയുടെ കയ്യിൽ നിന്നും ചെരുപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തൊണ്ടിമുതലെന്ന് പറഞ്ഞാണ് ഈ ചെരുപ്പുകൾ പോലീസ് കൊണ്ടുപോയത്.
നജ്മുന്നിസയുടെ ഭർത്താവ് ഐജാസുദ്ദീൻ ഏഴ് വർഷം മുന്നേയാണ് മരിക്കുന്നത്. കർഷകനായിരുന്ന ഇയാൾ മരണപ്പെടുമ്പോൾ രണ്ട് വയസുകാരിയായ മകളും കുറച്ച് ഭൂമിയും മാത്രമാണ് ബാക്കിയായത്.
നജ്മുന്നിസയ്ക്ക് വാട്‌സ്ആപ്പില്ല. സിഎഎയെക്കുറിച്ചും എൻആർസിയെക്കുറിച്ചും കാര്യമായൊന്നും അറിയില്ലെന്നും പറയുന്ന നജ്മുന്നിസ ടിവിയിലും മറ്റൊരാളുടെ ഫോണിലും മാത്രമാണ് ഇതേക്കുറിച്ചുള്ള വിവരം കണ്ടിട്ടുള്ളതെന്നുമാണ് ഇവർ പറയുന്നത്. മറ്റ് ആറു കുട്ടികൾക്കൊപ്പമായിരുന്നു നജ്മുന്നിസയുടെ മകൾ നാടകം കളിച്ചിരുന്നത്.
ടിവിയിൽ കേട്ട സംഭാഷണങ്ങളാണ് കുട്ടി നാടകത്തിൽ പറഞ്ഞതെന്ന് നജ്മുന്നിസ പറയുമ്പോൾ അമ്മയാണ് തിരക്കഥ തയ്യാറാക്കിയതെന്ന മകളുടെ മൊഴിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.