കൊലക്കേസ് പ്രതി കോണ്‍സ്റ്റബിളായി ജോലിചെയ്തത് 19 വര്‍ഷം; സര്‍വ്വീസില്‍ കയറിയത് അധികൃതരെ കബളിപ്പിച്ച്, ഒടുവില്‍ പിടിയില്‍

രുദ്രപുര്‍: അധികൃതരെ കബളിപ്പിച്ച് സര്‍വ്വീസില്‍ കയറിയ കൊലക്കേസ് പ്രതി പോലീസില്‍ കോണ്‍സ്റ്റബിളായി ജോലിചെയ്തത് 19 വര്‍ഷം. ഉത്തരാഖണ്ഡിലാണ് സംഭവം. 1997 ല്‍ ഉത്തര്‍പ്രദേശിലെ ഒരു കൊലക്കേസില്‍ പ്രതിയായ മുകേഷ് കുമാന്റെ കള്ളത്തരങ്ങള്‍ കഴിഞ്ഞദിവസമാണ് പോലീസ് കണ്ടെത്തിയത്.

1997 ല്‍ ഉത്തര്‍പ്രദേശിലെ ബരേലിയില്‍ നടന്ന കൊലപാതകത്തിലാണ് മുകേഷ് കുമാര്‍ പ്രതിയായത്. ഈ കേസില്‍ ഇയാള്‍ പിടിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് നാലുവര്‍ഷത്തിന് ശേഷം മുകേഷ് വ്യാജ വിലാസം നല്‍കി ഉത്തരാഖണ്ഡ് പോലീസ് റിക്രൂട്ട്‌മെന്റില്‍ അപേക്ഷിച്ചു. കോണ്‍സ്റ്റബിളായി നിയമനം ലഭിച്ച മുകേഷ് കുമാര്‍ 19 വര്‍ഷമാണ് ജോലി ചെയ്തത്.

ഇതുവരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മുകേഷ് ജോലിചെയ്തിട്ടുണ്ട്. നിലവില്‍ അല്‌മോറ പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ഇയാള്‍ക്കെതിരെ പോലീസിനെ കബളിപ്പിച്ചതിന് കേസെടുത്തതായും വിശദമായ അന്വേഷണത്തിന് ശേഷം തക്കതായ നടപടി സ്വീകരിക്കുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Exit mobile version