ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച് ജീവന് കവരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ത്യയില്‍ മാത്രം മൂന്ന് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മൂന്നും കേരളത്തിലാണ്. ഇനിയും കേസുകള്‍ പ്രതീക്ഷിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. വൈറസിനെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജമാക്കിയെങ്കിലും ഇതുവരെ രോഗത്തിനുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.
വിവിധ രാജ്യങ്ങളില്‍ പലതരം ആന്റി വൈറല്ഡ മരുന്നുകള്‍ വികസിപ്പിച്ചെങ്കിലും അതൊന്നും അവസാനഘട്ടത്തിലേക്കെത്തിയിട്ടില്ല, വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയിട്ടില്ല. എന്നാല്‍ രോഗത്തിന് മരുന്നുണ്ട്, ചികിത്സ ലഭ്യമാണെന്നൊക്കെ വ്യാജേനെ നിരവധി പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര ആയുഷ്മന്ത്രാലയത്തിന്റെ കൊറോണ ചികിത്സാരീതിയെക്കുറിച്ചുള്ള വിജ്ഞാപനം ഇപ്പോള്‍ വിവാദമാവുകയാണ്.
ആയുര്‍വ്വേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി,ടിബറ്റന്‍ വൈദ്യമായ സോവ-രിഗ്പയുടേയും പ്രാക്ടീസിനുള്ള നിയന്ത്രണബോഡിയായ ആയുഷ്മന്ത്രാലയം കൊറോണയ്ക്കുള്ള ഓരോ ചികിത്സാരീതിയിലും വിജ്ഞാപനത്തില്‍ വിശദീകരിക്കുന്നുണ്ട്. കൊറോണ വൈറസിനെ തടയാനുള്ള വ്യാജ ഒറ്റമൂലി മരുന്നുകളുടെ പ്രചാരണം കൊഴുക്കുന്നതിനിടെയാണ് ആയുഷ്മന്ത്രാലയത്തിന്റെ വിജ്ഞാപനവും പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍ അടിസ്ഥാനമില്ലാത്ത, പരീക്ഷിച്ചുതെളിഞ്ഞിട്ടില്ലാത്ത ഇത്തരം ചികിത്സാനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച ആയുഷ്മന്ത്രാലയത്തിനെതിരെ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. അതിനിടെ വിചിത്രവാദവുമായി ഹിന്ദുമഹാസഭ അധ്യക്ഷനും രംഗത്തെത്തിയിരുന്നു. ഗോമൂത്രവും ചാണകവും കൊറോണയ്ക്കുള്ള മരുന്നെന്നായിരുന്നു അവകാശവാദം. കൊറോണയ്ക്കുള്ള ആയുര്വ്വേദകൂട്ടുകള് തന്റെ പക്കലുണ്ടെന്ന് പ്രഖ്യാപിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള സിദ്ധവൈദ്യനാണ്. കൊറോണ ചികിത്സിക്കാന്‍ വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്മതിയെന്ന വ്യാജപ്രചരണവും ശക്തമാണ്.
Discussion about this post