കോഴിക്കോട്: എന്‍പിആര്‍ നടപ്പാക്കില്ലെന്ന് കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും നാഷണല്‍ പോപുലേഷന്‍ രജിസ്റ്റര്‍ ഏറെക്കുറെ തയാറാക്കിക്കഴിഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ എന്‍പിആര്‍-സെന്‍സസ് നടപടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഓഫീസ് ഓഫ് ദി രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2010ലെ സെന്‍സസിനൊപ്പമാണ് ഈ വിവരങ്ങള്‍ കൂടി ശേഖരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറുടെ കീഴില്‍ നടക്കുന്ന വിവിധ കണക്കെടുപ്പുകളുടെ വിശദാംശങ്ങളും അതിന്റെ സംഗ്രഹ വിവരവും ഉള്‍പെടുത്തിയ റിപ്പോര്‍ട്ടില്‍ ‘സ്റ്റാറ്റസ് ഓഫ് എന്‍പിആര്‍/എന്‍ആര്‍ഐസി’ എന്ന തലക്കെട്ടിന് കീഴിലാണ് ഈ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം 118 കോടി പൗരന്‍മാരുടെ ഇലക്ട്രോണിക് വിവര ശേഖരണം പൂര്‍ത്തിയാക്കി രജിസ്റ്റര്‍ തയാറാക്കി കഴിഞ്ഞു. ഇതില്‍ 25.80 കോടി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞു. പൗരത്വ പട്ടിക തയാറാക്കുന്നതിന്റെ ആദ്യഘട്ടമാണ് എന്‍പിആര്‍ എന്ന ആമുഖത്തോടെയാണ് വിവരശേഖരണത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അടുത്തഘട്ടത്തില്‍ ഇന്ത്യയില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച് പൗരത്വ പട്ടിക തയാറാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ എന്‍പിആറിനെ ശക്തമായി എതിര്‍ക്കുമ്പോഴാണ് ഈ വിവരം പുറത്തുവനന്ത്.