റാഞ്ചി: തെരഞ്ഞെടുപ്പ് വാഗ്ദാനമായി 15 ലക്ഷം നൽകാമെന്ന് പറഞ്ഞ് പറ്റിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് റാഞ്ചി ജില്ലാ കോടതിയിൽ കേസ്. ജാർഖണ്ഡ് ഹൈക്കോടതി അഭിഭാഷകൻ എച്ച്കെ സിങ്ങാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. വാക്ക് പാലിക്കാത്തതും വഞ്ചനയും ആരോപിച്ച് നൽകിയ പരാതിയിൽ വിചാരണാ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലെയെ മൂന്നാം പ്രതിയാക്കിയുമാണ് കേസ്.
അധികാരത്തിലെത്തിയാൽ 15 ലക്ഷം രൂപ വീതം നൽകാമെന്ന് പറഞ്ഞ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളെ വഞ്ചിച്ചെന്ന് പരാതിയിൽ ആരോപിക്കുന്നു. ഐപിസി 415, 420, 123(ബി) എന്നീ വകുപ്പുകൾ ചുമത്തിയാണ് പരാതി നൽകിയിരിക്കുന്നത്.
പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ പറഞ്ഞിരുന്നു. അദ്ദേഹമത് പ്രാവർത്തികമാക്കുകയും ചെയ്തു. പൗരത്വ നിയമത്തിൽ ഭേദഗതി വരുത്താമെങ്കിൽ എന്തുകൊണ്ടാണ് ജനങ്ങളുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം ഇടാൻ കഴിയാത്തത്? തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമല്ലേയെന്നും, അല്ലാത്തപക്ഷം അവർ ജനങ്ങളെ പറ്റിക്കുകയാണെന്നുമാണ് പരാതിക്കാരന്റെ വാദങ്ങൾ.
Discussion about this post