ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ കോളനികളുടെ വികസനത്തിന് നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഡി. ബിജെപി നിലവില്‍ ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
വീണ്ടും അരവിന്ദ് കെജ്രിവാള് അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം വ്യാപിക്കുമെന്ന് പറഞ്ഞ മോഡി പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന് ബാഗിലും ജാമിയ നഗറിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ യദൃശ്ചികമല്ല, അതൊരു പദ്ധതിയുടെ ഭാഗമാണെന്നും വ്യക്തമാക്കി.
സമരം ചെയ്യുന്നവര്‍ കാരണം നോയ്ഡയ്ക്കും ഡല്‍ഹിക്കും ഇടയിലുള്ള യാത്രക്കാര്‍ കഷ്ടപ്പെടുകയാണ്. ഡല്‍ഹിയെ അരാജകത്വത്തിന്റെ ഇടമാക്കാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ മൂലം ഡല്‍ഹിയിലെ അനധികൃത കോളനികള്‍ക്കുമേല്‍ ബുള്‍ഡോസറുകളുടെ ഭീഷണി ഇല്ലാതായെന്നും ബിജെപി അധികാരത്തില്‍ വന്നാല്‍ കോളനികളുടെ വികസനത്തിന് നടപടികള്‍ സ്വീകരിക്കുമെന്നും മോഡി പറഞ്ഞു.
നിലവില്‍ ബിജെപി ഇന്ത്യയുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഡല്‍ഹിയുടെ മാറ്റങ്ങള്‍ക്കായി ബിജെപിക്ക് വോട്ടുചെയ്യണമെന്നും ആവശ്യപ്പെട്ട പ്രധാനമന്ത്രി ബിജെപിയെ അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ പാവപ്പെട്ടവര്‍ക്ക് മികച്ച വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നും വാഗ്ദാനം നല്കി.
Discussion about this post