ഭോപ്പാൽ: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേരെ കാണാതായതിൽ ആശങ്ക. മധ്യപ്രദേശിലെ ആശുപത്രിയിൽ നിന്നാണ് രണ്ടുപേരെയും കാണാതായത്. ഇവരിൽ ഒരാൾ കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനിൽനിന്ന് നാട്ടിലെത്തിയ യുവാവാണ്. വുഹാൻ സർവകലാശാലയിലെ എംബിബിഎസ് വിദ്യാർത്ഥിയായ ഇയാൾ ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയത്. ഇയാളെ ഐസൊലേഷൻ വാർഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇയാളിൽ നിന്ന് പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അതിന് മുമ്പുതന്നെ ഇയാളെ കാണാതാവുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
കാണാതായ രണ്ടാമത്തെയാൾ ചൈനയിൽനിന്ന് മൂന്നു ദിവസങ്ങൾക്ക് മുമ്പാണ് ജബൽപുരിലെത്തിയത്. ഇയാളെയും ഐസൊലേഷൻ വാർഡിൽ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് കാണാതായത്.
അതേസമയം, കൂടുതൽ കൊറോണ ബാധകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ രാജ്യം പ്രതിരോധിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടെ രണ്ടുപേരെ ആശുപത്രിയിൽനിന്ന് കാണാതായത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. കേരളത്തിൽ ഇതുവരെ മൂന്നു പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post