ഹൈദരാബാദ്: തെലങ്കാന വികാരം വോട്ടാക്കാനുളള ചന്ദ്രശേഖര റാവുവിന്റെ നീക്കങ്ങള്‍ക്ക് സോണിയ ഗാന്ധിയിലൂടെ മറുപടി പറഞ്ഞ് കോണ്‍ഗ്രസ്. തെലങ്കാന രൂപീകരിച്ചത് തന്റെ പരിശ്രമം കൊണ്ട് മാത്രമാണെന്ന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ അവകാശവാദങ്ങള്ക് മറുപടി നല്‍കുകയാണ് സോണിയ ഗാന്ധിയെ രംഗത്തിറക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തെലങ്കാനയുടെ അമ്മ സോണിയ ആണെന്ന പ്രചാരണം ശക്തമാക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. മഹാസഖ്യത്തിന്റെ മഹാറാലിയിലും സോണിയയും രാഹുല്‍ ഗാന്ധിയും ഊന്നിയതും ഇതില്‍ തന്നെയാണ്.
ഭരണനേട്ടങ്ങള്‍ കൊണ്ട് മാത്രം തെലങ്കാനയില്‍ അധികാരം നിലനിര്‍ത്താനാകില്ലെന്ന് ചന്ദ്രശേഖര റാവുവിന് ബോധ്യമായ മട്ടാണ്. ആവര്‍ത്തിച്ചു പറഞ്ഞ, വികസനക്കുതിപ്പിന്റെ നാല് വര്‍ഷങ്ങളുടെ കണക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പ് റാലികളില്‍ അധികം നിരത്തുന്നില്ല. പകരം തെലങ്കാന കാര്‍ഡ് ഇറക്കിയാണ് റാവു മുന്നേറാന്‍ ശ്രമിക്കുന്നത്. തെലങ്കാനയുടെ എതിരാളിയെന്ന് വിളിക്കപ്പെടുന്ന ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിക്ക് കൈകൊടുത്ത കോണ്‍ഗ്രസിനെ റാവു കടന്നാക്രമിക്കുന്നു. തെലങ്കാനയുടെ പിറവിക്ക് കാരണക്കാരന്‍ താനെന്നാണ് ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നത്.
സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് പ്രചാരണത്തിനിറക്കിയത് ഇത് വെട്ടാനാണ്. മെദ്ചലിലെ മഹാറാലിയില്‍ തെലങ്കാനയുടെ അമ്മ എന്ന്
സോണിയയെ വിശേഷിപ്പിക്കാന്‍ നേതാക്കള്‍ മത്സരിച്ചു. 2014 ല്‍ സോണിയ ഗാന്ധിയുടെ നിര്‍ണായക തീരുമാനമാണ് സംസ്ഥാന രൂപീകരണത്തിന് വഴിവെച്ചതെന്ന് ഊന്നിപ്പറഞ്ഞു. വൈകാരികമായിരുന്നു സോണിയയുടെ പ്രസംഗം.
ഒരാളല്ല, ഒരു ജനതയുടെ പോരാട്ടമാണ് തെലങ്കാനയുടെ പിറവിക്ക് കാരണമെന്ന് സോണിയ പറഞ്ഞു. സ്വന്തം മക്കള്‍ക്ക് അവര്‍ അര്‍ഹിച്ച വികസനവും നേട്ടങ്ങളും ഉണ്ടായില്ലെന്ന സങ്കടം തനിക്കുണ്ടെന്ന സോണിയയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കയ്യടി. റാവുവിന് വടി കൊടുക്കാതിരിക്കാന്‍ ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യം മഹാറാലിയില്‍ ഉണ്ടാവാതിരിക്കാനും കോണ്‍ഗ്രസ് ശ്രദ്ധിച്ചു. അതേസമയം സംസ്ഥാന രൂപീകരണം വീണ്ടും ചര്‍ച്ചയാകുന്നത് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് ടിആര്‍എസ്.
Discussion about this post