ഭോപ്പാൽ: പാകിസ്താൻ വംശജനും 2016ൽ ഇന്ത്യൻ പൗരത്വം നൽകിയ ഗായകനുമായ അദ്‌നൻ സമിയ്ക്ക് പത്മശ്രീ നൽകിയതിനെ വിമർശിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കർ. പാകിസ്താൻ നാവികസേന ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനിൽ ജനിച്ച് വളർന്ന അദ്‌നൻ സമിക്ക് ബിജെപി സർക്കാരിന്റെ കാലത്താണ് ഇന്ത്യൻ പൗരത്വം നൽകിയത്. വർഷങ്ങൾക്കിപ്പുറം പത്മശ്രീയും നൽകി. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വരയുടെ വിമർശനം. മധ്യപ്രദേശിൽ സംഘടിപ്പിച്ച ഭരണഘടനയെ സംരക്ഷിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ-റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വര.
അഭയാർഥികൾക്ക് പൗരത്വം നൽകുകയും നുഴഞ്ഞു കയറ്റക്കാരെ പിടികൂടുകയും ചെയ്യുന്ന രീതി ഇന്ത്യയിലുണ്ട്. അദ്‌നൻ സമിക്ക് ഇന്ത്യൻ പൗരത്വം നൽകുകയും അതിലൂടെ പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ പൗരത്വനിയമ ഭേദഗതിക്ക് എന്ത് ന്യായീകരണമാണുള്ളത്. ഒരു ഭാഗത്ത് പ്രതിഷേധക്കാരെ തല്ലിയോടിക്കുന്നു മറുഭാഗത്ത് പാകിസ്താനിക്ക് പത്മശ്രീ നൽകുന്നു. ശബ്ദമുയർത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു. പൗരത്വഭേദഗതിയെ പിന്തുണയ്ക്കുന്നവർ നുഴഞ്ഞു കയറ്റക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. ഈ നുഴഞ്ഞു കയറ്റക്കാർ സർക്കാറിന്റെ മനസിലാണ് കടന്നു കൂടിയിരിക്കുന്നത്. ബിജെപിയ്ക്കും സർക്കാറിനും പാകിസ്താനോട് പ്രണയമാണ്. നാഗ്പൂരിൽ ഇരുന്നുകൊണ്ട് അവർ ഇന്ത്യമുഴുവൻ വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്നും സ്വര കുറ്റപ്പെടുത്തി.
Discussion about this post