ബംഗളൂരു: സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കേരള ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് കാറിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണം. തലയില്‍ കമ്പിവടികൊണ്ട് അടിയേറ്റ ഡ്രൈവര്‍ അനില്‍കുമാറിനെ (42) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തിന് കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സൂപ്പര്‍ എക്സ്പ്രസ് ബസിലെ ഡ്രൈവര്‍ക്കാണ് ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അനില്‍കുമാറിന്റെ തലയ്ക്കടിച്ചയാളെ ബസിലെ കണ്ടക്ടര്‍ സുനില്‍കുമാര്‍ തിരിച്ചറിഞ്ഞു. അടിക്കാനുപയോഗിച്ച കമ്പിവടി പോലീസ് പ്രതികളില്‍നിന്ന് കണ്ടെടുത്തു. അക്രമിസംഘത്തിലെ ഒരാളെയും വാഹനവും ഇനി കണ്ടെത്താനുണ്ട്. ബംഗളൂരുവിലെത്തുന്നതിന് പത്തുകിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്.
ഈ ഭാഗത്ത് മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ റോഡില്‍ രണ്ടുവശങ്ങളിലും ബാരിക്കേഡുകള്‍ വെച്ചിട്ടുണ്ട്. ഒരു വാഹനത്തിന് മാത്രമേ ഇതിലൂടെ കടന്നുപോകാന്‍ സാധിക്കൂ. ഇവിടെവെച്ച് കാര്‍ ബസിനെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേത്തുടര്‍ന്ന് കുറച്ചുദൂരം മുന്നോട്ടുപോയശേഷം കാര്‍ ബസിനുമുമ്പില് നിര്‍ത്തി.
മൂന്നുപേര്‍ വാഹനത്തില്‍ നിന്നിറങ്ങി ബസ് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. അനില്‍കുമാറിനെ സീറ്റില്‍നിന്ന് വലിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കടന്നുകളയുകയായിരുന്നു. തലയില്‍ പത്തു തുന്നിക്കെട്ടുകളുണ്ട്. ബസില്‍ 37 യാത്രക്കാരുണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മറ്റൊരു ഡ്രൈവറാണ് ബസ് സാറ്റ്ലൈറ്റ് സ്റ്റാന്‍ഡിലെത്തിച്ചത്.
Discussion about this post