ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ പുതുവഴി തേടി ഡിഎംകെ. ഒരു കോടിയിലേറെ ജനങ്ങളുടെ ഒപ്പ് ശേഖരിക്കാനാണ് തീരുമാനം. തമിഴ്നാട്ടില്‍ നിന്നും സിഎഎയ്ക്കെതിരെയും എന്‍ആര്‍സിക്കെതിരെയും പ്രതിഷേധിക്കുന്ന ഒരു കോടിയിലേറെ ജനങ്ങളുടെ ഒപ്പു ശേഖരണം നടത്താനാണ് ഡിഎംകെ ലക്ഷ്യം.
പുതിയ ക്യാംപെയിന് ഞായറാഴ്ച തുടക്കമായി. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് അദ്ദേഹത്തിന്റെ മണഡലമായ കോലത്തൂരില്‍ നിന്നാണ് ആദ്യം ഒപ്പു ശേഖരണം നടത്തിയത്. ഒപ്പം ഡിഎംകെ ഘടക കക്ഷിയായ തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെഎസ് അലഗിരി ചെന്നൈയിലെ അവഡിയില്‍ നിന്നും ഒപ്പു ശേഖരണം നടത്തി. ഫെബ്രുവരി 2 മുതല്‍ 8 വരെയാണ് ഒപ്പുശേഖരണ ക്യാംപെയിന് നടക്കുക.
സാമ്പത്തിക മേഖല ഉള്‍പ്പെടെയുള്ള മറ്റു മേഖലകളില്‍ കേന്ദ്രത്തിന് പറ്റിയ പരാജയം മറച്ചു വെക്കാനാണ് സിഎഎ നടപ്പാക്കുന്നതെന്ന് ക്യാംപെയിന് ഉദ്ഘാടന വേളയില്‍ എംകെ സ്റ്റാലിന് ആരോപിച്ചു. ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ പോലും സര്‍ക്കാര്‍ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള താല്പര്യമാണ് കാണാനായത്. ഇത്തരം കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് സിഎഎയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതെന്നും സ്റ്റാലിന് പറഞ്ഞു.
Discussion about this post