ഷാഹിന്‍ ബാഗില്‍ നിന്നും സമരക്കാരെ ഒഴിപ്പിക്കും; ഭീഷണിയുമായി ഹിന്ദുസേന

ന്യൂഡല്‍ഹി: ഷാഹിന്‍ ബാഗില്‍ നിന്നും സമരക്കാരെ ഒഴിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ഹിന്ദുസേന. ഇന്നലെ സമരപന്തലിലെത്തിയ ഹിന്ദുത്വ വാദിയായ കപില്‍ ഗുജ്ജാര്‍ വെടിവെപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെ മാര്‍ച്ചുമായെത്തിയ ഹിന്ദു സേനാംഗങ്ങളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചു. ഷാഹിന്‍ ബാഗ് സമരക്കാര്‍ക്ക് നേരെ നേരത്തെയും ഹിന്ദുസേനയുടെ ഭീഷണിയുണ്ടായിരുന്നു.

ഇന്ന് മാര്‍ച്ചുമായെത്തിയ ഹിന്ദു സേന സമരം അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. 11.30 ഓടെയാണ് ഒരു സംഘം ഹിന്ദു സേനാംഗങ്ങള്‍ ഷാഹിന്‍ ബാഗിലേക്ക് മാര്‍ച്ചുമായെത്തിയത്. ഇവരെ സമരപന്തലിന് അരക്കിലോമീറ്റര്‍ അകലെ പോലീസ് തടയുകയും തിരിച്ചയക്കുകയും ചെയ്തു.

ഹിന്ദുസേന ഭീഷണിയുയര്‍ന്നതിന് പിന്നാലെ ഷാഹിന്‍ ബാഗ് സമരക്കാര്‍ക്ക് പിന്തുണയുമായി ഇടത് എം.പിമാരടക്കമുള്ളവര്‍ രംഗത്തെത്തി.കെ.കെ രാഗേഷ്, കെ സോമപ്രസാദ് എന്നിവരാണ് പിന്തുണ അറിയിച്ചെത്തിയത്. ഭരണഘടന സംരക്ഷിക്കാനുള്ള സമരം സംരക്ഷിക്കേണ്ടത് ജനാധിപത്യ സംരക്ഷണത്തിന്റെ ഭാഗമാണെന്ന് കെ സോമപ്രസാദ് എംപി പറഞ്ഞു.

Exit mobile version