ഹൈദരാബാദ്: ബിജെപിയില്‍ ചേര്‍ന്ന് അംഗത്വം സ്വീകരിച്ച് മണിക്കൂറുകള്‍ക്കകം തിരിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി ‘മാതൃക’യായിരിക്കുകയാണ് തെലുങ്കാനയിലെ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ദാമോദര്‍ രാജനരസിംഹയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ പദ്മിനി റെഡ്ഡിയാണ് മണിക്കൂറുയകള്ക്കകം തിരികെ കോണ്‍ഗ്രസിലെത്തിയത്.
വ്യാഴാഴ്ച രാവിലെ പദ്മിനി സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ ലക്ഷ്മണന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരമായപ്പോള്‍ താന്‍ എടുത്ത തീരുമാനത്തില്‍ നിന്ന് പദ്മിനി പിന്മാറുകയും രാത്രി ഒമ്പത് മണിയോടെ തിരികെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് എത്തുകയും ചെയ്തു.
പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വളരെ വിഷമമായെന്നും അതിനാലാണ് താന്‍ തിരികെ പാര്‍ട്ടിയിലേക്ക് വന്നതെന്നുമാണ് പദ്മിനി പറയുന്നത്. അതേസമയം വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുളള വ്യക്തിയാണ് പദ്മിനിയെന്നും അവരെടുത്ത തീരുമാനത്തെ അംഗീകരിക്കുന്നതായും തെലുങ്കാനയിലെ ബിജെപി വക്താവ് കൃഷ്ണ സാഗര്‍ റാവു അറിയിച്ചു.
എന്നാല്‍ ഭിന്ന രാഷ്ട്രീയ ആശയങ്ങളില്‍ വിശ്വസിക്കുന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്ന് ഭാര്യയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് രാജനരസിംഹ പ്രതികരിച്ചു. അവിഭക്ത ആന്ധ്രാപ്രദേശിലെ എന്‍ കിരണ്‍കുമാര്‍ റെഡ്ഡി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു രാജനരസിംഹ. നിലവില്‍ തെരഞ്ഞെടുപ്പ് അടുത്ത തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കമ്മിറ്റി ചെയര്‍മാനാണ് അദ്ദേഹം.
Discussion about this post