ആന്‍ഡമാന്‍: ആന്‍ഡമാന്‍ നിക്കോബാറിലെ സെന്റിനല്‍ ദ്വീപില്‍ കൊല്ലപ്പെട്ട യുഎസ് മിഷറി പ്രവര്ത്തകന് ജോണ്‍ അലന് ചൗവിന്റെ മൃതദേഹം കണ്ടെടുക്കാന്‍ സാധിച്ചേക്കില്ലെന്ന് സൂചന. അലന്റെ മരണത്തില്‍ ദ്വീപുനിവാസികളുമായി ബന്ധപ്പെടാന്‍ പോലീസിന് ഒരുതരത്തിലും സാധിക്കാത്ത സാഹചര്യത്തിലാണ് വിദഗ്ധര്‍ ഇത്തരത്തിലൊരു അഭിപ്രായം മുന്നോട്ടുവെയ്ക്കുന്നത്. അലന്റെ മൃതദേഹം കണ്ടെടുക്കാന്‍ സുരക്ഷിതമായ മാര്‍ഗ്ഗങ്ങളൊന്നും നിലവിലില്ല. നാളികേരവും ഇരുമ്പും സമ്മാനമായി നല്കി ദ്വീപുനിവാസുകളെ ബന്ധപ്പെടാമെന്ന് ആദ്യം പോലീസ് കരുതിയിരുന്നു. എന്നാല്‍ ഈ മാര്‍ഗ്ഗം സുരക്ഷിതമല്ലെന്ന് വിലയിരുത്തി ശ്രമം ഉപേക്ഷിച്ചു. അലന്റെ സന്ദര്‍ശനത്തിന് ശേഷം ഇവര്‍ കൂടുതല്‍ അപകടകാരികളായേക്കാം.
മൃതദേഹം കണ്ടെത്തുന്നതിനായി ദ്വീപിലേക്കെത്തുന്നത് സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. പതിനഞ്ചില്‍ താഴെ മാത്രം ജനസംഖ്യയുള്ള സംരക്ഷിത ഗോത്രവര്ഗ്ഗസമൂഹമായ സെന്റിനല്‍ ഗോത്രക്കാരെ ദോഷമായി ബാധിക്കുന്ന യാതൊരു മാര്‍ഗ്ഗവും പോലീസോ നാവികസേനയോ സ്വീകരിക്കാനിടയില്ല. പ്രതിരോധശക്തി തീരെയില്ലാത്തതിനാല് പുറത്തുനിന്നെത്തുന്നവരിലെ ചെറിയ ജലദോഷമോ അണുക്കളോ പോലും ഇവരുടെ ജീവനെടുത്തേക്കാം. വസ്ത്രം ധരിക്കാതെ നഗ്നരായി ദ്വീപിലെത്തി നിവാസികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുക എന്ന ആശയം ചിലര്‍ മുന്നോട്ടുവെക്കുന്നുണ്ട്. അലന്റെ മൃതദേഹം കണ്ടെത്തണമെന്ന കുടംബത്തിന്റെ ആവശ്യത്തോളം തന്നെ പ്രാധാന്യം, സെന്റിനല്‍ ദ്വീപിലെ ഗോത്രവര്‍ഗ്ഗക്കാരുടെ സുരക്ഷക്കും പോലീസ് നല്കന്നുണ്ട്.
Discussion about this post