ന്യൂഡൽഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ വലിയ പ്രധാന്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷയ്ക്കായും പണം വകയിരുത്തി റെക്കോർഡിട്ടു. കേന്ദ്ര ബജറ്റിൽ മോഡിയുടെ സുരക്ഷയ്ക്കായി വകയിരുത്തിയത് 540 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ 420 കോടി രൂപയിൽ നിന്ന് 120 കോടി രൂപയാണ് ഇക്കുറി വർധിച്ചത്. ബജറ്റിൽ 540 കോടി വകയിരുത്തിയെങ്കിലും ഒരു വർഷത്തിൽ 600 കോടിയെങ്കിലും പ്രധാനമന്ത്രിയുടെ എസ്പിജി സുരക്ഷക്ക് സർക്കാർ ചെലവിടേണ്ടി വരും.
3000 പേരുള്ള സ്‌പെഷ്യൽ സുരക്ഷാ സംഘമാണ് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിനും ബാലാക്കോട്ട് തിരിച്ചടിക്കും ശേഷമുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചെലവ് വർധിപ്പിച്ചത്.
കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരുടെ എസ്പിജി സുരക്ഷ ഒഴിവാക്കിയതിന് തൊട്ടുപിന്നാലെ എത്തിയ ബജറ്റിൽ പ്രധാനമന്ത്രിയുടെ സുരക്ഷക്കുള്ള ചെലവിൽ വൻ വർധനവ് വരുത്തിയത് വിമർശനത്തിന് കാരണമായിരിക്കുകയാണ്.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസ് നേതാക്കളുടെ സുരക്ഷ പിൻവലിച്ചത്. കോൺഗ്രസ് നേതാക്കൾ തുടർച്ചയായി പ്രോട്ടോക്കോൾ ലംഘിക്കുന്നതായും ഇതിന് മുന്നോടിയായി കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. മൻമോഹൻ സിങിന് പുറമെ, മുൻ പ്രധാനമന്ത്രിമാരായ എച്ച്ഡി ദേവഗൗഡ, വിപി സിംഗ് എന്നിവരുടെ സ്‌പെഷൽ സുരക്ഷയും കേന്ദ്രം പിൻവലിച്ചിരുന്നു. ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിൻവലിച്ചതോടെ പ്രധാനമന്ത്രിക്ക് മാത്രമായിരുന്നു എസ്പിജി കാവൽ.
മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ മരണത്തെ തുടർന്ന് 1985ലാണ് എസ്പിജി രൂപീകരിച്ചത്. പിന്നീട് എസ്പിജിയിൽ മാറ്റം വരുത്തിയെങ്കിലും 1991ൽ രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം നിയമഭദേഗതിയിലൂടെ മുൻ പ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും പത്ത് വർഷം വരെ എസ്പിജി സുരക്ഷ നൽകാൻ തീരുമാനിക്കുകയായിരുന്നു.