ന്യൂഡൽഹി: ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുമെന്ന പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ സർക്കാറിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് രാജ്യത്തെ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിലെ ബജറ്റ് അവതരണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബജറ്റ് നിർദേശങ്ങൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകും. നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്ന ബജറ്റാണിത്. ബജറ്റിൽ പ്രഖ്യാപിച്ച പുതിയ 100 വിമാനത്താവളങ്ങൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇതുവഴി രാജ്യത്തെ ടൂറിസം മേഖലയിൽ കൂടുതൽ അവസരങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ബജറ്റ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് വിദ്യാർത്ഥികൾക്കാണ്. കൃഷി, അടിസ്ഥാന സൗകര്യം, തുണിത്തരം, സാങ്കേതികവിദ്യ എന്നിവയാണ് രാജ്യത്തെ പ്രധാന തൊഴിൽ മേഖലകൾ. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ നാല് മേഖലയ്ക്കും ബജറ്റിൽ കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ട്. ബജറ്റ് വിദേശത്തേക്കുള്ള കയറ്റുമതി വർധിപ്പിക്കുമെന്നും മോഡി പറഞ്ഞു.
Discussion about this post