ന്യൂഡൽഹി: കടുത്ത പ്രതിസന്ധിയിലായ രാജ്യത്തെ കാർഷിക രംഗത്തെ പുരോഗതിയിലേക്ക് നയിക്കാൻ ലക്ഷ്യമിട്ട് പതിനാറ് ഇന കർമ്മ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്. രാജ്യത്തെ കാർഷിക വരുമാനം രണ്ട് വർഷം കൊണ്ട് ഇരട്ടിയാക്കും. കുസും യോജന, പരമ്പരാഗത് കൃഷി യോജന എന്നിവയാണ് കർഷകരുടെ ഉന്നമനത്തിനായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികൾ. 6.11 കോടി കൃഷിക്കാർ പ്രധാൻമന്ത്രി ഫസൽ ബീമാ യോജനയിൽ അംഗമായിട്ടുണ്ട്. ഇവർക്ക് നേരിട്ട് പ്രധാനമന്ത്രി കിസാൻ യോജന വഴി ആനുകൂല്യം ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കൃഷി അനുബന്ധ സേവനങ്ങൾക്ക് 2.83 ലക്ഷം കോടി രൂപയാണ് ബജറ്റിൽ നീക്കി വയ്ക്കുന്നത്. കൃഷിക്കും ജലസേചനം എന്നിവക്ക് 1.6 ലക്ഷം കോടി, പഞ്ചായത്തീരാജിന് 1.23 ലക്ഷം ആകെ 2.83 ലക്ഷം കോടി എന്നാണ് ബജറ്റ് പ്രഖ്യാപനം.
രാജ്യാന്തര വിപണി കാര്യക്ഷമമാക്കാൻ കൃഷി ഉഡാൻ പദ്ധതി. കേന്ദ്ര വ്യോമമന്ത്രാലയത്തിൻറെ പിന്തുണയോടെയാണ് ഇത് നടപ്പാക്കുന്നത്. കാർഷിക ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കിസാൻ റെയിൽ പദ്ധതിയും പ്രഖ്യാപിച്ചു. ട്രെയിനിൽ കർഷകർക്കായി പ്രത്യേക ബോഗികൾ മാറ്റിവക്കും. കാർഷിക ഉത്പന്നങ്ങൾ കൊണ്ട് പോകാൻ പ്രത്യേക സംവിധാനമാണ് കിസാൻ റെയിൽ പദ്ധതി വഴി ഉദ്ദേശിക്കുന്നത്.
കിസാൻ ക്രഡിറ്റ് കാർഡുകളും മന്ത്രി പ്രഖ്യാപിച്ചു. കാർഷിക മേഖലക്കായി 2.82 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നബാർഡിൻറെ പുനർവായ്പാ പദ്ധതികളും കർഷകർക്ക് ലഭ്യമാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം
3477 സാഗർ മിത്ര, 2500 ഫിഷ് ഫാർമർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നീ പദ്ധതികളിലൂടെ യുവാക്കൾക്ക് തൊഴിലുറപ്പാക്കും. പട്ടിണി നിവാരണത്തിനായി ദീൻ ദയാൽ അന്ത്യോദയ യോജന പദ്ധതി, കൂടുതൽ സ്വയം സഹായ സഹകരണ സംഘങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കും.
മാതൃകാ കർഷക നിയമങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് സഹായം നൽകും. 100 വരൾച്ചാ ബാധിത പ്രദേശങ്ങൾക്ക് കേന്ദ്രത്തിന്റെ നേരിട്ട് സഹായം നേരിട്ടെത്തിക്കും. 20 ലക്ഷം കർഷകർക്ക് സോളാർ ഊർജം വഴി പ്രവർത്തിക്കുന്ന പമ്പുകൾ വയ്ക്കാൻ സഹായമുണ്ടാകും. വരണ്ട കൃഷിഭൂമിയിൽ സോളാർ പാടങ്ങൾ വയ്ക്കാനും സഹായിക്കും. സോളാർ പാടം മാത്രമല്ല ഗ്രിഡുകൾ സ്ഥാപിക്കാനും അതിലൂടെ സോളാർ ഊർജം സംഭരിക്കാനും കൂടി ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും നിർമ്മലാ സീതാരാമൻ വിശദീകരിച്ചു.
ഹോർട്ടി കൾച്ചർ മേഖലയിൽ കൂടുതൽ വളർച്ചയുണ്ട്. വൺ പ്രോഡക്ട് വൺ ഡിസ്ട്രിക്ട് എന്ന തരത്തിൽ, കൂടുതൽ ഉത്പന്നങ്ങൾ തദ്ദേശീയമായി വികസിപ്പിക്കാനും ഉത്പാദിപ്പിക്കാനും നടപടികളുണ്ടാകും. കന്നുകാലികൾക്കിടയിലെ അസുഖങ്ങൾ കുറയ്ക്കാൻ നടപടിയുണ്ടാകും. ഫിഷറീസ് മേഖലയിൽ വൻവികസനമാണ് ലക്ഷ്യം. 200 ലക്ഷം ടൺ മത്സ്യോത്പാദനമാണ് ബജറ്റ് പ്രതീക്ഷ.
Discussion about this post