അയോധ്യ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്ഷേത്ര നിര്‍മ്മാണം ഉടന്‍ തന്നെ തുടങ്ങണമെന്നാവശ്യപ്പെട്ട് അയോധ്യയില്‍ ഇന്ന് വിശ്വഹിന്ദു പരിഷത്ത് മഹാസംഗമം സംഘടിപ്പിച്ചു. സന്യാസിമാരും പ്രവര്‍ത്തകരും ഉള്‍പ്പടെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് വിവരം. അയോധ്യ നഗരം ആയിരക്കണക്കിന് സുരക്ഷാ ഭടന്മാരുടെ നിയന്ത്രണത്തിലാണ്.
രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തടസങ്ങള്‍ നീക്കാനുള്ള അവസാന ശ്രമം എന്നാണ് ധര്‍മ്മസഭയെ വിഎച്ച്പി വിശേഷിപ്പിക്കുന്നത്. ഇനി സമരങ്ങളും ചര്‍ച്ചകളും ഇല്ലെന്നും അടുത്ത ഘട്ടം ക്ഷേത്ര നിര്‍മ്മാണമാണെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്തുണയുമായി ആര്‍എസ്എസും ശിവസേനയും രംഗത്തുണ്ട്. ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളില്‍ നിന്നായി ട്രെയിനുകളിലും ബസുകളിലും മറ്റു വാഹനങ്ങളിലുമായി പ്രവര്‍ത്തകര്‍ അയോദ്ധ്യയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ അടക്കം പ്രമുഖ നേതാക്കളും എത്തി.
രാമജന്മഭൂമിയില്‍ സമര്‍പ്പിക്കാന്‍ പൂനെ ശിവ്നേരി കോട്ടയില്‍ നിന്ന് ഒരു കുടം മണ്ണുമായാണ് താക്കറെയുടെ വരവ്. ഉദ്ധവിന്റെ ആദ്യ അയോദ്ധ്യ സന്ദര്‍ശനമാണിത്. മഹാരാഷ്ട്രയില്‍ നിന്ന് രണ്ട് ട്രെയിനുകളിലായി മൂവായിരം ശിവസേന പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ ശ്രീരാമന്റെ ദേഹത്യാഗത്തിലൂടെ പുരാണ പ്രസിദ്ധമായ സരയൂ നദിയില്‍ സ്നാനം ചെയ്ത് രാംലല്ലയിലും ഹനുമാന് ഗഡിയിലും പ്രാര്‍ത്ഥിച്ച ശേഷമാണ് സമ്മേളന വേദിയിലേക്ക് നീങ്ങുന്നത്.
Discussion about this post