ന്യൂഡൽഹി: ചൈനയിൽ ആരംഭിച്ച കൊറോണ ബാധ ലോകരാഷ്ട്രങ്ങൾക്കും ഭീഷണിയായതോടെ പ്രതിരോധ മരുന്നും വൈറസിനെ ഉന്മൂലനം ചെയ്യാനുള്ള മരുന്നിനുമായി ഗവേഷണം ശക്തമാവുകയാണ്. വൈറസിനെ കുറിച്ച് പഠനം നടത്തി മരുന്ന് വികസിപ്പിക്കുന്നതിനിടയിൽ ചൈനയിൽ ഒരു ഡോക്ടർ കൊറോണ ബാധിതനായി മരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലും കൊറോണ സ്ഥിരീകരിച്ചതോടെ ഗുരുതരമായ സാഹചര്യമായിരിക്കാം വരാനിരിക്കുന്നതെന്ന ആശങ്കയുമുണ്ട്. ഇതിനിടെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്.
ചാണകവും ഗോമൂത്രവും ഉപയോഗിച്ച് രോഗബാധ ചികിത്സിച്ചു മാറ്റാമെന്നാണ് ചക്രപാണിയുടെ വാദം. വൈറസിനെ ഇല്ലാതാക്കാൻ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ഐഎഎൻഎസ് റിപ്പോർട്ടു ചെയ്യുന്നു. ചാണകവും ഗോമൂത്രവും കഴിക്കുന്നത് രോഗബാധ തടയും. ശരീരത്തിൽ ചാണകം തേക്കുകയും മന്ത്രം ജപിക്കുന്നതും വൈറസ് ബാധ തടയുമെന്നാണ് അവകാശവാദം. ലോകത്തിന് ഭീഷണിയായ വൈറസിനെ ഉന്മൂലനം ചെയ്യാൻ പ്രത്യേക യജ്ഞം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ബാധ ചികിത്സിക്കാനും പ്രതിരോധിക്കാനും ലോകാരോഗ്യ സംഘടന അടക്കമുള്ളവ പുറപ്പെടുവിച്ച കൃത്യമായ മാർഗനിർദേശങ്ങൾ നിലനിൽക്കെയാണ് ഇത്തരം വിചിത്ര വാദങ്ങളും ഉയർന്നുവരുന്നതെന്ന് നിരാശജനകമാണ്. ഉപ്പുവെള്ളം, പനിക്കൂർക്ക എണ്ണ തുടങ്ങിയവ ധാരാളം കഴിക്കുന്നത് വൈറസ് ബാധ തടുക്കാൻ സഹായിക്കും തുടങ്ങിയ വ്യാജപ്രചരണങ്ങളും സോഷ്യൽമീഡിയയിൽ വ്യാപിക്കുന്നുണ്ട്. വ്യാജപ്രചരണം നടത്തിയ മൂന്ന് പേരെ കേരളത്തിൽ ഉടൻ അറസ്റ്റ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post