ന്യൂഡൽഹി: ഡൽഹി നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ മരണവാറണ്ട് കോടതി സ്റ്റേ ചെയ്ത വിഷയത്തോട് രോഷത്തോടെ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. നിർഭയ കേസിലെ നാലു പ്രതികളെ എത്രയും വേഗം തൂക്കിലേറ്റണമെന്നും നിലവിലെ നിയമങ്ങൾ സ്ത്രീ സുരക്ഷ മുൻനിർത്തി ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബലാത്സംഗക്കേസുകളിൽ വിധി നീട്ടികൊണ്ടുപോകരുതെന്നും ആറു മാസത്തിനകം വധശിക്ഷ നടപ്പാക്കുന്ന വിധം നിയമ ഭേദഗതി ഉടൻ വേണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, നിർഭയ കേസിലെ പ്രതികൾ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് വധശിക്ഷ നീട്ടിക്കൊണ്ടി പോകുകയാണെന്നും ടിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
അതേസമയം, പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി വിധിക്ക് കാരണം കെജരിവാളാണെന്ന് നിർഭയയുടെ പിതാവ് ആരോപിച്ചിരുന്നു. നിർഭയ കേസ് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു ഇതിനി പിന്നാലെയാണ് കെജരിവാളിന്റെ പ്രതികരണം.
നിർഭയ കേസിലെ ശിക്ഷാവിധി നടപ്പിലാക്കുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രതികൾക്കെതിരായ മരണ വാറണ്ട് സ്റ്റേ ചെയ്തു കൊണ്ട് പട്യാല ഹൗസ് കോടതി വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഉത്തരവിറക്കിയത്. ഇതിനെതിരെ നിർഭയയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.
Discussion about this post