ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാനുള്ള വിധി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു. നിർഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നീട്ടിവെച്ചിരിക്കുന്നു എന്നായിരുന്നു കോടതി ഉത്തരവ്. വധശിക്ഷ നടപ്പിലാവാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴായാണ് കോടതിയുടെ നിർണായകമായ ഉത്തരവ്.
ജസ്റ്റിസ് ധർമേന്ദർ ആണ് തുറന്ന കോടതിയിൽ വിധി വായിച്ചത്. ഫെബ്രുവരി 1 ന് നടത്താൻ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാർ ,വിനയ് ശർമ്മ എന്നിവരാണ് ഹർജി നൽകിയത്. തങ്ങളുടെ ദയാഹർജിയിൽ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹർജി സമർപ്പിച്ചത്.
പ്രതികളുടെ ഹർജിയിൽ പട്യാല ഹൗസ് കോടതി ഇന്ന് രാവിലെ വിശദമായ വാദം കേട്ടിരുന്നു. ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തില്ല, തിരുത്തൽ ഹർജി തള്ളിയതിന് ശേഷം 14 ദിവസത്തിന് ശേഷം മാത്രമേ വിധി നടപ്പിലാക്കാവൂ എന്ന ജയിൽച്ചട്ടം ലംഘിച്ചു, തുടങ്ങിയ പ്രതികൾക്ക് അനുകൂലമായ നിയമപരമായ അവകാശങ്ങൾ ലഭിച്ചില്ലെന്നായിരുന്നു പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തുടർന്ന് ഈ ഹർജിയിൽ ഉച്ചയോടെ ഉത്തരവ് പറയുമെന്നായിരുന്നു കോടതി അറിയച്ചിരുന്നതെങ്കിലും അഞ്ച് മുക്കാലോടെയാണ് വിധി വന്നത്.
ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് നാല് പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റണമെന്നായിരുന്നു മരണവാറണ്ട്. വധശിക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിഹാർ ജയിലിൽ ഡമ്മികളെ തൂക്കിലേറ്റിയിരുന്നു.
Discussion about this post