ന്യൂഡൽഹി: പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾക്ക് ഒപ്പം പൗരത്വനിയമ ഭേദഗതിയും, അയോധ്യ, മുത്തലാഖ് എന്നീ വിവാദവിഷയങ്ങളും ഉൾപ്പെടുത്തിയായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. സമ്മേളനത്തിന് തൊട്ടുമുൻപായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി ബജറ്റ് സമ്മേളനത്തിൽ പാർലമെന്റ് സാമ്പത്തിക വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും പറഞ്ഞു.
അതേസമയം, നയപ്രഖ്യാപന പ്രസംഗത്തിനിടയിൽ പാകിസ്താനിലെ ഹിന്ദുക്കൾക്കും സിഖുക്കാർക്കും ഇന്ത്യയിലേക്ക് വരാം എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ ഓർമ്മിപ്പിച്ച രാഷ്ട്രപതി, പൗരത്വനിയമം കൊണ്ടു വരുന്നതിലൂടെ രാഷ്ട്രപിതാവിന്റെ സ്വപ്നം സർക്കാർ യഥാർത്ഥ്യമാക്കിയെന്നും പറഞ്ഞു. രാഷ്ട്രപതി ഈ ഭാഗം വായിച്ചു തീരും മുൻപേ ഭരണപക്ഷം ഡെസ്കിൽ അടിച്ചു കൊണ്ട് ആഹ്ലാദം പ്രകടിപ്പിക്കുകയും എതിർപ്പ് ഉയർത്തി പ്രതിപക്ഷം ബഹളം വെയ്ക്കുകയും ചെയ്തു.
ഭരണപക്ഷത്തിന്റെ ആഹ്ലാദപ്രകടനം അഞ്ച് മിനിറ്റോളം നീണ്ടതോടെയാണ് കേരളത്തിൽ നിന്നുള്ള എംപിമാരായ വികെ ശ്രീകണ്ഠൻ, ടിഎൻ പ്രതാപൻ എന്നിവർ പ്രതിഷേധവുമായി എഴുന്നേറ്റത്. എന്നാൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഈ ഘട്ടത്തിലും മൗനം പാലിച്ചത് ശ്രദ്ധേയമായി. സിഎഎ പിൻവലിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി രണ്ട് മിനിറ്റോളം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷ എംപിമാർ ഇരുന്നെങ്കിലും ഭരണപക്ഷം ആഹ്ലാദാരവം കൂടുതൽ ഉച്ചത്തിലാക്കി. കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ അടക്കമുള്ള നേതാക്കൾ പ്രതിപക്ഷത്തിനെതിരെ എഴുന്നേറ്റ് നിന്നു സംസാരിക്കാൻ തുടങ്ങിയപ്പോൾ മോഡിയുടെ നിർദേശപ്രകാരം പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി ഇക്കാര്യം തടയുകയായിരുന്നു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കേൾക്കാനെത്തിയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയ പ്രതിപക്ഷ എംപിമാർ പിൻനിരയിലേക്ക് മാറിയിരുന്നത് ശ്രദ്ധേയമായി. മുൻപ്രധാനമന്ത്രി മൻമോഹൻസിങ് അതേസമയം പാർലമെന്റിന്റെ മുൻനിരയിൽ തന്നെയുണ്ടായിരുന്നു.
നയപ്രഖ്യാപനപ്രസംഗത്തിലെ പരാമർശങ്ങൾ :
*രാജ്യത്തിൻറെ ഭാവിയെക്കുറിച്ച് മഹാത്മഗാന്ധിയുടേയും ജവഹർലാൽ നെഹ്റുവിൻറേയും സ്വപ്നങ്ങൾ പൂർത്തിയാവുന്ന പതിറ്റാണ്ടായിരിക്കുമിതെന്ന് രാഷ്ട്രപതി.
*പതിമൂന്നാം ലോക്സഭയുടെ ആദ്യത്തെ ഏഴ് മാസത്തിൽ തന്നെ നിർണായകമായ നിരവധി ബില്ലുകൾ സഭയ്ക്ക് പാസാക്കാൻ സാധിച്ചു. രാമജന്മഭൂമി പ്രശനത്തിലെ സുപ്രീംകോടതി വിധി സമാധാനപൂർവ്വം സ്വീകരിച്ച ഇന്ത്യയിലെ ജനങ്ങളേയും രാഷ്ട്രപതി അനുമോദിച്ചു.
*ഈ ദശാബ്ദം ഇന്ത്യയ്ക്ക് വളരെ നിർണായകം
*രാജ്യത്തിൻറെ ഒരു ഭാഗവും വികസനത്തിൽ വിവേചനം നേരിടാൻ പാടില്ലെന്ന് 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെ പരാമർശിച്ചു കൊണ്ട് രാഷ്ട്രപതി പറഞ്ഞു. ജമ്മു കശ്മീരിലെ ബ്ലോക്ക് ഡെവലപ്!മെൻറ് കൗൺസിൽ തെരഞ്ഞെടുപ്പ് സമാധാനപൂർവ്വം പൂർത്തിയായെന്നും ജമ്മു കശ്!മീരിലേയും ലഡാക്കിലേയും വികസനം രാജ്യത്തിൻറെ മൊത്തം വികസനത്തിലും നിർണായകമാണെന്നും രാഷ്ട്രപതി.
*370,35എ വകുപ്പുകൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലൂടെ പാർലമെൻറിലെ ഇരുസഭകളിലും പാസാക്കുക വഴി ചരിത്രം സൃഷ്ടിക്കുക മാത്രമല്ല. ജമ്മു കശ്മീർ, ലഡാക്ക് മേഖലകളുടെ തത്തുല്യവികസനത്തിന് വഴിയൊരുക്കുക കൂടിയാണ് ചെയ്തത്.
*ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്നമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്. 370 അനുഛേദം റദ്ദാക്കിയ ശേഷം കശ്മീരിലെ സ്ഥിതി ശാന്തമായി തുടരുന്നു
*മുസ്ലിം സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ മുത്തലാഖ് അടക്കമുള്ള നിരവധി നിയമഭേദഗതികൾ ഈ സർക്കാർ കൊണ്ടു വന്നു.
*വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ അതിവേഗ വികസനമാണ് നടക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി നിരവധി പദ്ധതികൾ ഈ സർക്കാർ നടപ്പാക്കുകയുണ്ടായി.
*ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ നമ്മുക്കായി. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുന്നു.
*ഗാന്ധിജിയുടെ സ്വപ്നമാണ് പൗരത്വ നിയമഭേദഗതിയിലൂടെ യഥാർത്ഥ്യമായത്. പാകിസ്ഥാനിലെ ന്യൂനപങ്ങളുടെ ക്ഷേമം ഗാന്ധിജിയുടെ സ്വപ്നമായിരുന്നു.
*പൗരത്വ നിയമഭേദഗതി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വൈവിധ്യങ്ങളെ ബാധിക്കില്ല
*8 കോടി പാവങ്ങൾക്ക് ഗ്യാസ് കണക്ഷൻ ഉൾപ്പടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്കായി ഒരുപാട് പദ്ധതി നടപ്പാക്കി
*ഡൽഹിിയിലെ അനധികൃതകോളനികൾ നിയമവിധേയമാക്കിയത് 40 ലക്ഷം ജനങ്ങൾക്ക് അനുഗ്രഹമായി മാറി.
*വികസനത്തിൽ എല്ലാ വിഭാഗങ്ങളേയും ഒരുപോലെ മുന്നോട്ടു നയിക്കുന്നതാണ് സർക്കാർ നയം.
*പ്രതിഷേധങ്ങളുടെ പേരിലുള്ള അക്രമങ്ങൾ രാജ്യത്തെയും സമൂഹത്തെയും ദുർബലപ്പെടുത്തും
*ജി എസ് ടി നടപ്പാക്കിയത് നികുതിരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കി
*സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വലിയ മാറ്റങ്ങൾ രാജ്യത്ത് കൊണ്ടുവന്നു
*കർത്താർപൂർ ഇടനാഴി റെക്കോർഡ് സമയം കൊണ്ടു പൂർത്തിയാക്കാൻ ഈ സർക്കാരിനായി. ഗുരു നാനക്കിൻറെ 550ാം പ്രകാശ് പർവ് ദിനത്തിൽ ഇടനാഴി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.
*പരസ്പര ബഹുമാനവും വിശ്വാസവും നിലനിർത്തി കൊണ്ടുള്ള ചർച്ചകളിലൂടേയും സംവാദങ്ങളിലൂടേയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാർ നയം.
*ആയുഷ്!മാൻ ഭാരത് പദ്ധതിയിലൂടെ അ!ഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം രാജ്യത്തെ 24 കോടി ജനങ്ങൾക്ക് ലഭിച്ചു. രണ്ടരക്കോടി ജനങ്ങൾക്ക് സൗജന്യമായി വൈദ്യുതി കണക്ഷൻ ലഭിച്ചു.
*5 ട്രില്ല്യൺ ഡോളർ സാമ്പത്തിക ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
Discussion about this post