ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പെ ആവശ്യമായ പ്രതിരോധ നടപടികൾ സ്ഥീകരിച്ചിരുന്നതായും സർക്കാർ പൂർണ്ണസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. വൈറസ് ബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചൈനയിലെ വുഹാനിൽനിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥിനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ചൈനയിൽനിന്ന് തിരിച്ചെത്തുന്ന എല്ലാവർക്കും വിമാനത്താവളങ്ങളിൽ ആവശ്യമായ മെഡിക്കൽ പരിശോധന നടത്തി സുരക്ഷാ മുന്നൊരുക്കം നടത്തിയിരുന്നെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ തിരിച്ചെത്തിയ വുഹാൻ സർവകലാശാല വിദ്യാർത്ഥിനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി വ്യാഴാഴ്ചയാണ് റിപ്പോർട്ട് വന്നത്. വിദ്യാർത്ഥിനിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൃശ്ശൂർ ജനറൽ ആശുപത്രിയിലാണ് വിദ്യാർത്ഥിനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നില ഗുരുതരമല്ലെന്നാണ് വിവരം.
Discussion about this post