ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വിലയിൽ ഒരുവർഷത്തിനുള്ളിൽ 150 രൂപവരെ വർധനവുണ്ടായേക്കും. സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിലാണ് വർധനവ് ബാധകം. ജൂലായ്-ജനുവരി കാലയളവിൽ സബ്സിഡി നിരക്കിലുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ ശരാശരി 10 രൂപയുടെ വർധനവാണുണ്ടായത്. 2022 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ ഓയിൽ സബ്സിഡി പൂർണമായി നിർത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ വിലവർധിപ്പിക്കുന്നതെന്നാണ് സൂചന.
അസംസ്കൃത എണ്ണവില കുറഞ്ഞതിന്റെ നേട്ടമെടുത്തുകൊണ്ട് പൊതുമേഖല എണ്ണക്കമ്പനികൾക്ക് എൽപിജി സിലിണ്ടറിന്റെ വില ചെറിയതോതിൽ വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയതായാണ് റിപ്പോർട്ട്. ഇതോടെ ഒരുവർഷം കൊണ്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തുന്ന സബ്സിഡി തുക നിലയ്ക്കും.
2019 ജൂലായ് മുതൽ 2020 ജനുവരി വരെ സബ്സിഡി നിരക്കിലുള്ള പാചകവാതകം സിലിണ്ടറിന് 63 രൂപയാണ് വർധിപ്പിച്ചത്. നിലവിൽ പാചക വാതക സിലിണ്ടറിന്റെ വില 557 രൂപയാണ്. 157 രൂപയാണ് സബ്സിഡിയായി സർക്കാർ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതും.
Discussion about this post