ന്യൂഡൽഹി: ദൗർലഭ്യം രൂക്ഷമായതോടെ വിദേശത്തുനിന്നും കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്ത ഉള്ളി കുറഞ്ഞ വിലയ്ക്ക് സംസ്ഥാനങ്ങൾക്ക് വിറ്റഴിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. തുർക്കിയിൽനിന്നും മറ്റും ഇറക്കുമതിചെയ്ത ഉള്ളിയാണ് വിലകുറച്ച് സംസ്ഥാനങ്ങൾക്കു വിൽക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കിലോയ്ക്ക് 50 രൂപ തോതിൽ ഇറക്കുമതിചെയ്ത വലുപ്പംകൂടിയ ഉള്ളി പത്തോപതിനഞ്ചോ രൂപയ്ക്ക് സംസ്ഥാനങ്ങൾക്കു നൽകാനാണ് ആലോചന.
വലുപ്പത്തിലും രുചിയിലും വ്യത്യസ്തമായ വിദേശി ഉള്ളിക്ക് ആവശ്യക്കാരില്ലാത്തതിനാൽ അവ കെട്ടിക്കിടക്കുകയാണ്. വാങ്ങിയ വിലയ്ക്കു തന്നെ ശ്രീലങ്ക, മാലിദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് മറച്ചുവിൽക്കാൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല. അതോടെയാണ് വിലകുറച്ച് സംസ്ഥാനങ്ങൾക്ക് വിൽക്കാൻ തീരുമാനിച്ചത്.
33,500 ടൺ ഉള്ളിയാണ് മുംബൈ തുറമുഖത്ത് കെട്ടിക്കിടക്കുന്നത്. മഹാരാഷ്ട്ര, കർണാടക, ഒഡീഷ, ഹരിയാന, ആസാം തുടങ്ങിയ സംസ്ഥാനങ്ങൾ ഉള്ളിയിറക്കുമതിക്കു നൽകിയ ഓർഡർ പിൻവലിക്കുകയും ചെയ്തു. ഇതോടെ കെട്ടിക്കിടക്കുന്നവ വിലകുറച്ചു വിൽക്കുകയല്ലാതെ സർക്കാരിനു പോംവഴിയില്ലാതാവുകയായിരുന്നു. നാഫെഡ് വഴി വിൽക്കാനാണ് നീക്കം. കഴിഞ്ഞമാസം കിലോയ്ക്ക് 100 രൂപയ്ക്കു മുകളിൽപ്പോയ ഉള്ളിയുടെ വില ഇപ്പോൾ 50 രൂപയാണ്. അടുത്തമാസത്തോടെ ആഭ്യന്തര ഉള്ളിയുടെ വരവു കൂടുമെന്ന് റിപ്പോർട്ട്. ഇതോടെ കെട്ടിക്കിടക്കുന്ന ഉള്ളി വാങ്ങാൻ ആരേയും കിട്ടാൻ സാധ്യതയില്ല.