സ്ത്രീകളെ ഇസ്ലാം വിലക്കുന്നില്ല, പള്ളികളില്‍ പ്രവേശിപ്പിക്കാം; സുപ്രീംകോടതിയില്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: സ്ത്രീകള്‍ മുസ്ലിം പള്ളികളില്‍ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൂണെ സ്വദേശികള്‍ നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമം വിലക്കുന്നില്ലെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക നമസ്‌കാരം സ്ത്രീകള്‍ക്ക് നിഷ്‌കര്‍ച്ചിട്ടില്ലെന്നും, അക്കാര്യം തെരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മതാചാരങ്ങള്‍ക്കുള്ള മൗലിക അവകാശത്തില്‍ വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ സത്യവാങ്മൂലം.

മുസ്ലീം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് മുസ്ലീം ജമാ അത്ത് വിലക്കുന്നു എന്നത് തെറ്റിദ്ധാരണയാണെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അംഗം കമാല്‍ ഫറൂഖി നേരത്തെ പറഞ്ഞിരുന്നു. എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കായുള്ള സൗകര്യങ്ങളോ സുരക്ഷയോ ഇല്ല. അതിനാല്‍ തന്നെ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ സമയം വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Exit mobile version