ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവരെ അവഹേളിച്ച് ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിങ്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി രഘുരാജ് സിങും രംഗത്തെത്തിയത്. അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ രാജ്യദ്രോഹികൾ പട്ടികളെപ്പോലെ ചാകുമെന്ന് മന്ത്രി പറഞ്ഞു. ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രസ്താവന. അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ പേരുമാറ്റി ഹിന്ദുസ്ഥാൻ യൂണിവേഴ്‌സിറ്റിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ രാജ്യദ്രോഹികൾക്ക് പാകിസ്താനിൽ പോകണമെങ്കിൽ അവർക്ക് പോകാം. പക്ഷേ ഇവിടെയിരുന്ന് കൊണ്ട് ഇവിടത്തെ ജനങ്ങളുടെ ഔദാര്യം പറ്റി രാജ്യത്തിനെതിരെ സംസാരിക്കാമെന്ന് കരുതേണ്ട എന്നും മന്ത്രി താക്കീത് ചെയ്തു. ഒരുശതമാനം മാത്രം ആളുകളാണ് സിഎഎയെ എതിർക്കുന്നത്. നമ്മുടെ നികുതി തിന്നതിന് ശേഷം അവർ നേതാക്കൾക്കെതിരെ മൂർദ്ദാബാദ് വിളിക്കുന്നെന്നും മന്ത്രി ആക്ഷേപിച്ചു.
എല്ലാ തരത്തിലുള്ള വിശ്വാസികളും ഇവിടെയുണ്ട്. പക്ഷേ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറയുന്നു. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിക്കുന്നവരെ ജീവനോടെ കത്തിക്കുമെന്ന് പറഞ്ഞും രഘുരാജ് സിങ് വിവാദമുണ്ടാക്കിയിരുന്നു.
Discussion about this post