ബിഹാര്‍: പ്രശാന്ത് കിഷോറിനെ ജെഡിയുവില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കാരണത്താലാണ് പ്രശാന്ത് കിഷോറിനെ ജെഡിയുവില്‍ നിന്ന് പുറത്താക്കിയത്. പ്രശാന്ത് കിഷോറിനെ കൂടാതെ ജെഡിയു നേതാവ് പവന്‍ വര്‍മ്മയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
പൗരത്വ നിയമഭേദഗതിയില്‍ കേന്ദ്രത്തെയും അമിത് ഷായെയും രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍ രംഗത്ത് വന്നതോടെയാണ് പാര്‍ട്ടിയില്‍ പ്രശാന്ത് കിഷോറിനെതിരെ പടയോരുക്കം തുടങ്ങിയത്. പൗരത്വ ഭേദഗതിയിലുള്ള നിതീഷ് കുമാറിന്റെ നിലപാടിനെയും പ്രശാന്ത് കിഷോര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.
പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാറും മറ്റ് പാര്‍ട്ടി നേതാക്കളും പ്രശാന്ത് കിഷോറിനെതിരെ രംഗത്ത് വന്നിരുന്നു. അമിത് ഷാ പറഞ്ഞിട്ടാണ് പ്രശാന്തിന് ജെഡിയുവില്‍ അംഗത്വം നല്‍കിയതായിരുന്നു നിതീഷ് കുമാര്‍ പറഞ്ഞത്. എന്റെ നിറം നിങ്ങളുടേതിന് സമാനമാക്കാനുള്ള വൃഥാ ശ്രമം എന്നാണ് പ്രശാന്ത് കിഷോര്‍ ഇതിനോട് പ്രതികരിച്ചത്.
പ്രശാന്ത് കിഷോര്‍ വിശ്വാസ യോഗ്യനല്ലെന്ന് ജെഡിയു നേതാവ് അജയ് അശോകും വിമര്‍ശിച്ചിരുന്നു. അദ്ദേഹം ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു, രാഹുല്‍ ഗാന്ധിയുമായി സംസാരിക്കുന്നു, മമത ദീദിക്കൊപ്പം ഇരിക്കുന്നു. ആരാണ് അവനെ വിശ്വസിക്കുക? ഈ കൊറോണ വൈറസ് ഞങ്ങളെ വിട്ടുപോകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, അവന് ആവശ്യമുള്ളിടത്തേക്ക് പോകാം എന്നായിരുന്നു അജയ് അശോക് പറഞ്ഞത്. പ്രശാന്ത് കിഷോറും ജെഡിയു നേതാക്കളും തമ്മില്‍ നാളുകളായി തുടരുന്ന അഭിപ്രായ ഭിന്നതയാണ് ഒടുവില്‍ പ്രശാന്ത് കിഷോറിനെ പുറത്താക്കുന്ന നടപടിയിലേക്ക് നീങ്ങിയത്.