ലുധിയാന: തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ആള്‍ദൈവത്തിന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് അനുയായികള്‍. പഞ്ചാബിലെ ലുധിയാനയിലെ ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാന്‍ മേധാവി അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ് ശിഷ്യന്മാര്‍ വര്‍ഷങ്ങളായി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നത്. എന്നെങ്കിലും അദ്ദേഹം തിരിച്ചുവരുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ദിവ്യ ജ്യോതി ജാഗ്രിതി സന്‍സ്ഥാന്‍ എന്ന വിഭാഗത്തിന്റെ നേതാവായിരുന്ന അശുതോഷ് മഹാരാജ് 2014 ജനുവരി 29നാണ് മരിച്ചത്. ഇയാളുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൃതദേഹം സംസ്‌കരിക്കില്ലെന്നും അദ്ദേഹം തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നുമായിരുന്നു ശിഷ്യന്മാര്‍ പറഞ്ഞത്.വര്‍ഷങ്ങളോളം ഫ്രീസറില്‍ സൂക്ഷിക്കുന്ന മൃതദേഹം അന്ത്യകര്‍മങ്ങള്‍ നടത്തി ദഹിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഡിസംബറിലാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി മൃതദേഹം 15 ദിവസത്തിനുള്ളില്‍ ദഹിപ്പിക്കണമെന്ന് വിധിച്ചത്. എന്നാല്‍, നേതാവ് സമാധിയിലാണെന്നും മൃതദേഹം വിട്ടുതരില്ലെന്നും ആശ്രമം അധികൃതര്‍ അറിയിച്ചു. കോടതിയുത്തരവു നടപ്പാക്കാന്‍ ആശ്രമത്തിലെത്തിയ പോലീസിനെ ആള്‍ദൈവത്തിന്റെ അനുയായികള്‍ തടയുകയും ചെയ്തു.
ആശ്രമത്തിനു ചുറ്റും കൂടിയ അനുയായികള്‍ പോലീസിനെയും മാധ്യമപ്രവര്‍ത്തകരെയും ആശ്രമത്തിനകത്തു കയറാന്‍ അനുവദിച്ചില്ല. എഴുപതുകാരനായ ഗുരുവിന്റെ ധ്യാനം പൂര്‍ത്തിയാകുന്നതുവരെ ശരീരം ഫ്രീസറില്‍ നിന്ന് മാറ്റാനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്ന് പ്രസ്ഥാന വക്താവ് സ്വാമി വിശാലാനന്ദ പറയുന്നു. അടക്കം ചെയ്യാതെ സൂക്ഷിക്കുന്ന ബാബയുടെ മൃതദേഹം സര്‍ക്കാരിനും ഒരു തലവേദനയായി മാറിയിരിക്കുകയാണ്.
മാനവരാശിയുടെ ക്ഷേമത്തിനായി അഷുതോഷ് തണുത്തുറഞ്ഞ മരവിപ്പില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന് അനുയായികളെ വിശ്വസിപ്പിക്കാനുള്ള ശ്രമത്തിന്റെയും അവാന്തര വിശ്വാസി വിഭാഗത്തിന്റെ മാസം തോറും നടക്കുന്ന ഒത്തുചേരലിന്റെയും ഭാഗമായി അഷു ബാബ ആയേംഗേ… (അഷു ബാബ വരും) എന്നു തുടങ്ങുന്ന ഈ ഗാനവും ആലപിക്കുന്നുണ്ട്. അശുതോഷ് മഹാരാജിന്റെ രണ്ടാം വരവിനെ കുറിച്ചാണ് പാട്ടില്‍ പറയുന്നത്.
അശുതോഷിന്റെ അനുയായികള്‍ക്ക് പഞ്ചാബില്‍ 36 കേന്ദ്രങ്ങളും ലോകത്തൊട്ടാകെ സാന്നിധ്യവുമുണ്ട്. ഇവരുടെ മൊത്തം ആസ്തി ആയിരം കോടിയിലേറെ വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
Discussion about this post