ന്യൂഡല്‍ഹി; ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ച
ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എട്ട് ബിജെപി എംപിമാര്‍ക്കുമെതിരെ ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സ്കൂളുകളുടെ വികസനവുമായി ബന്ധപ്പട്ട തെറ്റ്ദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു എന്നതാണ് ആരോപണം. വീഡിയോ ട്വിറ്ററില്‍ നിന്ന് നീക്കണമെന്നും അമിത് ഷായ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
ഡല്‍ഹിയിലെ സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കിയെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ പ്രധാന പ്രചരണായുധം. ഇതിനെ ചോദ്യം ചെയ്ത അമിത് ഷായോട് സ്കൂളുകള്‍ നേരിട്ട് സന്ദര്‍ശിക്കാനായിരുന്നു കെജ്രിവാളിന്റെ വെല്ലുവിളി.
ഇതിനുപിന്നാലെ, സ്കൂളുകള്‍ മോശം അവസ്ഥയിലാണെന്ന ആരോപണവുമായി അമിത് ഷാ ട്വിറ്ററിലൂടെ ഒരു വീഡിയോ പുറത്തുവിട്ടു. പൊളിക്കാന്‍ നിര്‍ത്തിയിരുന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളാണിതെന്ന് ആംആദ്മി തിരിച്ചടിച്ചു. പൊളിക്കാന്‍ വച്ചിരിക്കുന്ന കെട്ടിടങ്ങള്‍ കാണിച്ചുള്ള അമിത് ഷായുടെ കള്ള പ്രചരണം പാളിയെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. നവീകരിച്ച പുതിയ കെട്ടിടങ്ങള്‍ കാണിക്കാതെയുള്ള നാടകമാണിതെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു.
Discussion about this post