സീതാപൂർ: ഭരണ നിർവ്വഹണത്തിന് മന്ത്രിമാർക്ക് വിദ്യാഭ്യാസം വേണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് ഉത്തർപ്രദേശ് ജയിൽ മന്ത്രി ജെകെ സിങ്. അതത് വകുപ്പുകളിലെ ജോലികൾ കൃത്യമായി ചെയ്ത് തീർക്കാൻ മന്ത്രിമാർക്ക് കീഴിൽ സെക്രട്ടറിമാരടക്കം വിവിധ ജീവനക്കാരുണ്ടെന്നും മന്ത്രി വിശദീകരിച്ചു. സീതാപൂരിലെ സേത് റാം ഗുലാം പട്ടേൽ മെമ്മോറിയൽ കോളേജിലെ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മന്ത്രിമാർ വിദ്യാസമ്പന്നരാകേണ്ട ആവശ്യമില്ല. ഞാനൊരു മന്ത്രിയാണ്. എനിക്ക് കീഴിൽ കാര്യങ്ങൾ ചെയ്ത് തീർക്കാൻ സെക്രട്ടറിമാരും നിരവധി ജോലിക്കാരുമുണ്ട്. ജയിൽ മന്ത്രിയെന്ന നിലയിൽ ഭരണനിർവഹണത്തിന് ഞാൻ ജയിലിലേക്ക് നേരിട്ട് പേകേണ്ട ആവശ്യമില്ല. ജയിലർക്ക് കീഴിൽ മറ്റുള്ള ജീവനക്കാർ ജയിൽ പ്രവർത്തനം സുഖമായി നടത്തും.’- മന്ത്രി വിശദീകരിച്ചതിങ്ങനെ.
ഉന്നത വിദ്യാഭ്യാസമുള്ള ആളുകൾ സമൂഹത്തിൽ വിദ്യാഭ്യാസമില്ലാത്ത ആളുകളെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. ഡോക്ടർമാർ, എഞ്ചിനീയർമാർ പോലുള്ള ഉയർന്ന വിദ്യാഭ്യാസമുള്ളവർ ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോൾ, രാഷ്ട്രീയക്കാർക്ക് മതിയായ വിദ്യാഭ്യാസം ഇല്ലാത്തതായിരിക്കും പലപ്പോഴും അവരുടെ സംസാര വിഷയമെന്നും മന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച് ഇത്തരക്കാർക്ക് എന്തറിയാമെന്നും മന്ത്രി വ്യക്തമാക്കി.