മുംബൈ: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലോ ക്യാംപസിന്റെ സമാധാനം തകർക്കുന്ന പ്രവർത്തനങ്ങളിലോ പങ്കെടുക്കരുതെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകി ബോംബെ ഐഐടി അധികൃതർ. ക്യാംപസിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ഇ മെയിൽ മുഖേനെ ഡീൻ ആണ് സർക്കുലർ അയച്ചിരിക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കണം എന്നതുൾപ്പെടെ 15 നിർദേശങ്ങൾ അടങ്ങിയതാണ് സർക്കുലർ.
ബുധനാഴ്ച അയച്ച സർക്കുലറിൽ പക്ഷേ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഹോസ്റ്റലിലെ സമാധാന അന്തരീക്ഷത്തെ തകർക്കുന്ന പ്രസംഗങ്ങളും, സംഗീതങ്ങളും, നാടകങ്ങളുമെല്ലാം നിരോധിച്ചതായും, പോസ്റ്ററുകളുടെയും ലഘുലേഖകളുടെയും വിതരണം നിരോധിച്ചതായും സർക്കുലറിൽ പറയുന്നു. 2020 ജനുവരി 28 മുതൽ ഈ നിർദേശങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും സർക്കുലറിലുണ്ട്.
എന്നാൽ ഭരണഘടനാ അനുവദിച്ചു തരുന്ന അവകാശങ്ങളെ തടയുന്നതാണ് സർക്കുലറെന്ന് വിദ്യാർത്ഥികൾ പറയുന്നു. 114 അധ്യാപകരുടെ ഒപ്പോടെയാണ് സർക്കുലർ പാസാക്കിയിരിക്കുന്നത്. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെയും ജെഎൻയു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഈ മാസം ആദ്യം ഐഐടി ബോംബെയിലെ വിദ്യാർത്ഥികൾ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ എത്തി പ്രതിഷേധിച്ചിരുന്നു.
Discussion about this post