മുംബൈ: പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടില്‍ മലക്കം മറിഞ്ഞ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന സ്ഥാപകന്‍ രാജ് താക്കറെ. നേരത്തെ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് രംഗത്തെത്തിയ രാജ് താക്കറെ നിലവില്‍ താന്‍ പൗരത്വ നിയമത്തെ പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കി.
ഫെബ്രുവരി 9ന് സംഘടിപ്പിക്കാനിരിക്കുന്ന റാലി ഒരിക്കലും പൗരത്വ നിയമഭേദഗതിയില്‍ പിന്തുണ അറിയിച്ചല്ലായെന്ന് രാജ് താക്കറെ പറഞ്ഞു. പൗരത്വ നിയമഭേദഗതിയെ പിന്തുണക്കില്ല. പക്ഷെ പാക്കിസ്ഥാനി, ബംഗ്ലാദേശി അനധികൃത കൂടിയേറ്റക്കാരെ പിന്തുണച്ച് പ്രതിഷേധിക്കുന്നവര്‍ക്കെതിരാണ് തങ്ങളെന്ന് രാജ് താക്കറെ വ്യക്തമാക്കി.
‘പൗരത്വ നിയമഭേദഗതിയെ പിന്തുണക്കുന്നതില്‍ അര്‍ത്ഥമില്ല. ഞങ്ങളുടെ റാലി പാക്കിസ്ഥാനി, ബംഗ്ലാദേശി അനധികൃത കൂടിയേറ്റക്കാരെ പിന്തുണക്കുന്നവര്‍ക്ക് എതിരാണെന്നും സിഎഎയും എന്‍ആര്‍സിയും ചര്‍ച്ച ചെയ്യണം, പക്ഷെ ഞങ്ങള്‍ രണ്ടിനെയും ഒരിക്കലും പിന്തുണക്കുന്നില്ലെന്നും’; രാജ് താക്കറെ പറഞ്ഞു. മുമ്പ് പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു രാജ് താക്കറെ അറിയിച്ചത്.