ന്യൂഡല്‍ഹി; നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. മരണവാറന്റ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ കോടതിയാണ് കേസില്‍ വിധി പറയുക. രാഷ്ട്രപതിയുടെ തീരുമാനം പുനപരിശോധിക്കാന്‍ പരിമിതമായ അധികാരമേ ഉള്ളു എന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
മുകേഷിന്റെ ദയാ ഹര്‍ജി ജനുവരി പതിനേഴിനാണ് രാഷ്ട്രപതി തള്ളിയത്. ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെ ആറ് മണിക്ക് നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി മരണവാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ സിംഗ് സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. നേരത്തെ വിനയ് ശര്‍മയുടേയും മുകേഷ് സിംഗിന്റെയും തിരുത്തല്‍ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.
വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രതികള്‍ വീണ്ടും പുതിയ വഴികള്‍ തേടുന്നത്. ഇതെല്ലാം ശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നത് വ്യക്തമാണ്. നേരത്തെ ഇതേ ബെഞ്ച് പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജിയും രണ്ട് പ്രതികളുടെ തിരുത്തല്‍ ഹര്‍ജിയും തള്ളിയിരുന്നു.