പുണെ: മഹാരാഷ്ട്ര നിയമസഭയിൽ രാഷ്ട്രപതി ഒപ്പുവെച്ച പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ സാധ്യമല്ലെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ. കേരളം, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഈ കാര്യത്തിൽ എടുത്ത നിലപാട് മഹാരാഷ്ട്രയിൽ നടപ്പാക്കാൻ പ്രയാസമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഈ സംസ്ഥാനങ്ങളിലെ നിയമസഭകൾ പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രമേയം പാസ്സാക്കാൻ എടുത്ത താത്പര്യം മഹാരാഷ്ട്ര നിയമസഭയുടെ കാര്യത്തിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഈ സംസ്ഥാനങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമായ ഒരു കൂട്ടുകക്ഷി ഭരണമാണ് മഹാരാഷ്ട്രയിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുണെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അജിത് പവാർ.
ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച ശിവസേനയും എൻസിപിയും കോൺഗ്രസുമാണ് ഇവിടെ ഭരണം പങ്കിടുന്നത്. പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച് ശിവസേന എടുത്ത നിലപാടിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം ഒരു പ്രമേയത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുമതി നൽകില്ലെന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചു. പൗരത്വനിയമ ഭേദഗതിയെ ലോക്സഭയിൽ പിന്തുണച്ച ശിവസേന രാജ്യസഭയിൽ ഇതിന്റെ വോട്ടിങ് സമയത്ത് സഭയിൽനിന്ന് ഇറങ്ങിപ്പോക്ക് നടത്തുകയാണുണ്ടായത്.
മഹാരാഷ്ട്രയിൽ നിയമം നടപ്പാക്കില്ലെന്ന് ശിവസേന നേരത്തേ പറഞ്ഞെങ്കിലും കഴിഞ്ഞദിവസം വ്യത്യസ്ത നിലപാടാണ് പാർട്ടി സ്വീകരിച്ചത്. പാകിസ്താനിൽനിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള മുസ്ലിങ്ങളെ ഇന്ത്യയിൽനിന്ന് പുറത്താക്കണമെന്ന പ്രഖ്യാപനം കഴിഞ്ഞദിവസം പാർട്ടിയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന നടത്തിയത്.
Discussion about this post