ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ കേന്ദ്ര സഹമന്ത്രിക്കും ബിജെപി എംപിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍
നോട്ടീസ് അയച്ചു. രാജ്യത്തിന്റെ ഒറ്റുകാരെ വെടിവെക്കണമെന്ന പരാമര്‍ശത്തിന്റെ പേരിലാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് വിവാദ പ്രസ്താവനയുമായി അനുരാഗ് ഠാക്കൂര്‍ രംഗത്ത് വന്നത്. രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ എന്ന് ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യം പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് ഠാക്കൂര്‍ ഏറ്റുവിളിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളില്‍ വന്ന് മക്കളേയും സഹോദരിമാരേയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുമെന്ന പരാമര്‍ശത്തിലാണ് ബിജെപി എംപി പര്‍വേഷ് സാഹിബ് സിങ്ങ് വര്‍മ്മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ‘ലക്ഷകണക്കിന് ആളുകളാണ് ഷഹീന്‍ബാഗില്‍ ഒത്തുകൂടിയിട്ടുള്ളത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യാം. എന്നാല്‍ അവര്‍ നിങ്ങളുടെ വീടുകളിലേക്കെത്തും. നിങ്ങളുടെ പെണ്മക്കളേയും സഹോദരിമാരേയും അവര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തും. ഇന്ന് നിങ്ങള്‍ക്ക് സമയമുണ്ട്. മോഡിജിയും അമിത് ഷായും നാളെ നിങ്ങളെ രക്ഷിക്കാന്‍ വരില്ല’ എന്നായിരുന്നു ബിജെപി എംപി പര്‍വേഷ് സാഹിബ് സിങ്ങ് വര്‍മ്മ പറഞ്ഞത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു മാസത്തോളമായി സ്ത്രീകള്‍ പ്രതിഷേധിക്കുന്ന മുഖ്യവേദിയാണ് ഷഹീന്‍ബാഗ്. വ്യാഴാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രണ്ട് പേരോടും ആവശ്യപ്പെട്ടിരിക്കുന്നത്.