എടിഎം കവര്‍ച്ചക്കിടെ പഞ്ചാബ് സ്വദേശികള്‍ പിടിയില്‍

പഞ്ചാബ് സ്വദേശികളായ ഹര്‍ഷ അറോറ (35), സര്‍വ്വജ്യോത് (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരു: എടിഎം കവര്‍ച്ച നടത്തുകയായിരുന്ന രണ്ടുപേരെ ബംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. പഞ്ചാബ് സ്വദേശികളായ ഹര്‍ഷ അറോറ (35), സര്‍വ്വജ്യോത് (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബൈട്രായനപുരയിലുളള എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ച നടത്തുന്നതിനിടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതിനു മുന്‍പ് നഗരത്തിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ നാല് എടിഎം കവര്‍ച്ചകളിലും ഇരുവരും പ്രതികളാണെന്ന് പോലീസ് പറയുന്നു.

ബൈട്രായനപുരയിലെ എസ്ബിഐ എടിഎമ്മില്‍ കയറിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ തകര്‍ക്കുന്നതിനിടെയാണ് പോലീസ് സ്ഥലത്തെത്തിയത്. ബാങ്കിന്റെ മുംബൈ ഹെഡ് ഓഫീസില്‍ അപകട സൂചന ലഭിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഇന്‍സ്‌പെക്ടറും സംഘവും ഉടന്‍ സ്ഥലത്തെത്തുകയും ചെയ്തു. അതേസമയം, മുഖം മൂടി ധരിച്ച പ്രതികളുമായുള്ള ബലപ്രയോഗത്തിനിടെ പോലീസുകാര്‍ക്ക് പരിക്കേറ്റു. കവര്‍ച്ചക്ക് മുന്‍പ് ഇവര്‍ എടിഎം കേന്ദ്രത്തിലെ സിസിടിവി തകര്‍ത്തിരുന്നു.

മെഷീന്‍ തകര്‍ത്ത് പണം ബാഗിലാക്കി രക്ഷപ്പെടാനൊരുങ്ങതിനിടെയാണ് ഇരുവരും പിടിയിലായത്. 15 ലക്ഷം രൂപയ്ക്കു പുറമേ കാര്‍, ഗ്യാസ് കട്ടറുകള്‍, ഓക്‌സിജന്‍ സിലിണ്ടര്‍, ആക്രമിക്കുന്നതിനായുള്ള ആയുധങ്ങള്‍ എന്നിവയും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Exit mobile version