യോഗിയുടെ ഗംഗായാത്രയിൽ പശുക്കൾ വഴി മുടക്കികൾ ആകരുത്; കന്നുകാലികളെ പിടിച്ചുകെട്ടാൻ കയർ നൽകി പിഡബ്ല്യുഡി എഞ്ചിനീയർമാരെ നിയോഗിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ പശു രാഷ്ട്രീയം വിവാദ വിഷയമാകുന്നതിനിടെ പശുക്കളെ പിടിച്ചുകെട്ടാൻ സർക്കാർ എഞ്ചിനീയർമാരെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയുടെ ഗംഗാ യാത്രയ്ക്ക് മുന്നോടിയായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ വഴിയിൽ നിന്ന് മാറ്റാനാണ് കയറുമായി പിഡബ്ല്യുഡിയിലെ ഒമ്പത് ജൂനിയർ എഞ്ചിനീയർമാരെ നിയോഗിച്ചിരിക്കുന്നത്. ഇവർ പല സ്ഥലങ്ങളിലായി കന്നുകാലികളെ ‘പിടിച്ചുകെട്ടാനായി’ കയറുമായി നിൽക്കുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി 29 നാണ് യോഗി മിർസാപൂരിലെത്തുന്നത്. യോഗിയുടെ യാത്രാമധ്യേ കന്നുകാലികൾ തടസം സൃഷ്ടിക്കാതിരിക്കാനാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. എട്ട് മുതൽ പത്ത് വരെ കയറുകളുമായി എഞ്ചിനീയർമാർ നിലയുറപ്പിക്കണമെന്നാണ് ഉത്തരവ്. ബിജ്‌നോറിൽ തിങ്കളാഴ്ചയാണ് യോഗി ആദിത്യനാഥ് ഗംഗായാത്ര ഫഌഗ് ഓഫ് ചെയ്തത്. അഞ്ച് ദിവസമാണ് ഗംഗായാത്ര നീണ്ടുനിൽക്കുന്നത്.

Exit mobile version