ചെന്നൈ: ജമ്മു കാശ്മീരിനെ വിഭജിക്കാനും പ്രത്യേക പദവി എടുത്തുകളയാനുമായി കേന്ദ്രസർക്കാർ വീട്ടുതടങ്കലിലാക്കിയ കാശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ അപമാനിച്ച് ബിജെപി. ഒമർ അബ്ദുള്ളയുടെ തിരിച്ചറിയാനാകാത്തവിധം രൂപം മാറിയ ചിത്രം കഴിഞ്ഞ ശനിയാഴ്ച മുതൽ ഇന്റർനെറ്റിൽ തരംഗമായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അവസ്ഥയെ പരിഹസിച്ച് ബിജെപി തമിഴ്‌നാട് ഘടകം രംഗത്തെത്തിയിരിക്കുന്നത്.
ആമസോണിൽ നിന്ന് ഒരു സെറ്റ് റേസർ ബ്ലേഡ് വാങ്ങി ഒമറിന്റെ അഡ്രസ്സിലേക്ക് സമ്മാനമായി അയച്ച് അതിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ബിജെപി തമിഴ്‌നാട് ഘടകം തങ്ങളുടെ വൃത്തികെട്ട കോമഡി പരസ്യമാക്കിയിരിക്കുന്നത്. ‘ ഡിയർ ഒമർ അബ്ദുള്ള, നിങ്ങളുടെ അഴിമതിക്കാരായ സകല സ്‌നേഹിതരും പുറത്ത് അർമാദിക്കുമ്പോൾ അക്കൂട്ടത്തിൽ പെട്ട നിങ്ങൾ മാത്രം ഇങ്ങനെ പ്രയാസപ്പെടുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടമുണ്ട്. ഞങ്ങളുടെ ഭാഗത്തുനിന്ന് ഒരു എളിയ സംഭാവനയായി ഇത് സ്വീകരിക്കുക. ഇത് ഉപയോഗിക്കുന്ന കാര്യത്തിൽ എന്തെങ്കിലും സഹായങ്ങൾ ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ സഖ്യകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സമീപിക്കാൻ മടിക്കരുത്.’- ഇതാണ് റേസർ ബ്ലേഡിനൊപ്പം ഒമറിന് ബിജെപി കൈമാറുന്ന സന്ദേശം.
നേരത്തെ, മമത ബാനർജിയും, സ്റ്റാലിനും, സീതാറാം യെച്ചൂരിയും അടക്കമുള്ള പല രാഷ്ട്രീയ നേതാക്കളും ഒമറിന്റെ ചിത്രം കണ്ട് നടുക്കം രേഖപ്പെടുത്തിയിരുന്നു. ഇതിനി പിന്നാലെയാണ് പരിഹാസവുമായി ബിജെപി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. .
ഒമർ അബ്ദുള്ള വീട്ടുതടങ്കലിലായിട്ടം നാല് മാസം പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും പുറലോകത്ത് എത്തുന്നത്. ഈ ചിത്രത്തിൽ ഒരു ചെറു ചിരിയോടെയാണ് ഒമർ പ്രത്യക്ഷപ്പെടുന്നത് എങ്കിലും, ആ ചിരിക്കു പിന്നിൽ വല്ലാത്തൊരു ദൈന്യത ഉള്ളതായാണ് സോഷ്യൽമീഡിയ അഭിപ്രായപ്പെട്ടിരുന്നത്. ഇതിനെയാണ് ബിജെപി ആക്ഷേപിച്ച് വിവാദത്തിലായിരിക്കുന്നത്.