ന്യൂഡല്‍ഹി: വിവാഹേതര ഡേറ്റിങ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എട്ട് ലക്ഷത്തോളം വിവാഹിതരായ ഇന്ത്യന്‍ സ്ത്രീകളും പുരുഷന്മാരുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ കുട്ടികളുടെ ശൈത്യകാല അവധി അവസാനിച്ച് ദമ്പതിമാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചതോടെയാണ് ആപ്പിന്റെ ഉപയോഗം കൂടുതലായും വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിവാഹേതര ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നവരില്‍ കൂടുതലും ബംഗളൂരുവിലുള്ള ടെക്കികളാണെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്മാരാണ് ആപ്പ് ഉപയോഗിക്കുന്നവരില്‍ കൂടുതലും. ഇവരില്‍ കൂടുതലും ബംഗളൂരു, മുംബൈ,കൊല്‍ക്കത്ത, ഡല്‍ഹി, പുണെ, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, അഹമ്മദാബാദ്, ജയ്പുര്‍, മുംബൈ, ഛണ്ഡീഗഢ്, ലഖ്‌നൗ, കൊച്ചി, നോയിഡ, വിശാഖ പട്ടണം, നാഗ്പുര്‍, സൂറത്ത്, ഇന്‍ഡോര്‍, ഭൂവനേശ്വര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ളവരാണ്.
എന്നാല്‍ സ്ത്രീകളും ആപ്പ് ഉപയോഗിക്കുന്നതില്‍ പിന്നിലല്ല. ബംഗളൂരു, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, പുണെ, ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള സ്ത്രീകളും കൂടുതലായി ആപ്പ് പിന്തുടരുന്നു. പുതുവത്സര ആഘോഷത്തിനിടയിലാണ് ആപ്പിന് ഇത്രയധികം ജനപ്രീതിയുണ്ടായതെന്നും ജനുവരി ആദ്യ വാരത്തില്‍ ആപ്പിന്റെ സബ്‌സ്‌ക്രിപ്പ്ഷനില്‍ 300 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post