ന്യൂഡല്‍ഹി: കൊറോണ വൈറസ് ചൈനയില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മടക്കിയെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വിമാനം അയക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ചൈനയുടെ സഹായം തേടുമെന്നാണ് റിപ്പോര്‍ട്ട്. വിമാനം അയക്കാന്‍ ചൈനയുടെ അനുമതി ലഭിച്ചാലുടന്‍ എയര്‍ ഇന്ത്യയുടെ B 747 വിമാനം അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കോറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച വുഹാനില്‍ മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. വൈറസ് വ്യാപിച്ചതോടെ വുഹാന്‍ നഗരം പൂര്‍ണ്ണമായി അധികൃതര്‍ അടച്ചിട്ടിരുന്നു. റോഡ്-വ്യോമ ഗതാഗതങ്ങളും ഇവിടെ നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റോഡ് മാര്‍ഗം ഇന്ത്യക്കാരെ ചാങ്ഷെ വരെ എത്തിച്ച് അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം മറ്റേതെങ്കിലും പ്രവശ്യയിലേക്ക് കൊണ്ടുവന്ന് അവിടെ നിന്ന് വിമാനത്തില്‍ കൊണ്ടുവരാനാണ് എംബസി ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
അതേസമയം ചൈനയില്‍ കോറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. നാലായിരത്തിലധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ചൈനയ്ക്ക് പുറമെ അമേരിക്ക, യൂറോപ്പ്, തായ്ലാന്റ്, ദക്ഷിണ കൊറിയ, ആസ്ട്രേലീയ എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post