കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകള്‍ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് പറഞ്ഞ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാറെ രൂക്ഷമായി വിമര്‍ശിച്ച് നിസ്സഹകരണ സംഘടനയുടെ ഭാരവാഹി വിപി സുഹറ രംഗത്ത്. പ്രവാചകന്റെ മാതൃകയാണ് ഇവര്‍ സ്വീകരിക്കുന്നതെങ്കില്‍ സ്ത്രീകള്‍ ഒരിക്കലും രംഗത്തിറങ്ങരുതെന്ന് അവര്‍ക്ക് പറയാന്‍ പറ്റില്ലെന്നും കാരണം പ്രവാചകന്റെ ഭാര്യ തന്നെ യുദ്ധത്തിനിറങ്ങിയിട്ടുണ്ടെന്നും സുഹ്റ വ്യക്തമാക്കി.
ഒരു മാധ്യമത്തോടായി സംസാരിക്കുകയായിരുന്നു അവര്‍. യുദ്ധത്തിന് പ്രവാചകന്റെ ഭാര്യ ഇറങ്ങിയിട്ടുണ്ടന്നും പോരാടിയിട്ടുണ്ടെന്നും ചരിത്രത്തില്‍ തന്നെ പറയുന്നുണ്ട്. രാഷ്ട്രീയപരമായ എല്ലാ കാര്യങ്ങളിലും പ്രവാചകനൊപ്പം ഭാര്യയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്ത്രീകള്‍ സമരത്തിനിറങ്ങുന്നത് ഇസ്ലാംമത വിരുദ്ധമാണെന്ന് പറയന് പറ്റില്ല. സ്ത്രീകള്‍ പുറത്ത് വന്ന് കഴിഞ്ഞാല്‍ മുഷ്ടി ചുരുട്ടിക്കഴിഞ്ഞാല്‍ ഇതൊക്കെ പുരുഷന്മാര്ക്ക് എതിരായി വരുമെന്നും അവരുടെ കാലിന്റെ അടിയിലെ മണ്ണ് നഷ്ടപ്പെടുന്ന പോലെ അവര്‍ക്ക് തോന്നുമെന്നും സുഹ്റ കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമത്തിനെതിരെ പോലും സ്ത്രീകള്‍ ഇറങ്ങരുതെന്ന് പറയുന്നത് ഇത്തരത്തില്‍ സ്ത്രീകള്‍ രംഗത്തെത്തിയാല്‍ പുരുഷന്മാര് ചോദ്യം ചെയ്യപ്പെടുമെന്ന പേടി കൊണ്ടാണ്. കാന്തപുരത്തിനെപ്പോലെയുള്ളവര്കരുതുന്നത് നാട് കത്തുമ്പോഴും സ്ത്രീകള്‍ വീട്ടില്‍ അടുപ്പും ഊതിക്കൊണ്ട് ഇരിക്കണമെന്നാണ്. അക്കാലങ്ങളെല്ലാം കഴിഞ്ഞെന്നും സ്ത്രീകളെല്ലാം വിദ്യാസമ്പന്നരായി മാറിയെന്നും സുഹ്റ പ്രതികരിച്ചു.
സ്ത്രീകള്‍ക്ക് പൊതുബോധമുണ്ട്. ആ ബോധത്തില്‍ നിന്നും സ്ത്രീകളെ പിന്തിരിപ്പിക്കാന് പറ്റില്ല. മുസ്ലീം സ്ത്രീകളെ എങ്ങനെയൊക്കെ നിശബ്ദരാക്കാമെന്നാണ് കാന്തപുരത്തിനെപ്പോലെയുള്ളവര് കണക്കുകൂട്ടുന്നതെന്നും മതസംഘടനകളായാലും മുസ്ലീംലീഗ് നേതൃത്വങ്ങളായാലും എല്ലാം പറയുന്നത് സ്ത്രീകള്‍ അടുക്കളയില്‍ ഇരുന്നാല്‍ മതി, കുട്ടികളെയും ഭര്‍ത്താവിനെയും ശുശ്രൂഷിച്ചാല്‍ മതിയെന്നാണെന്നും അവര്‍ പറഞ്ഞു.
രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ ലിംഗഭേദമന്യേ പ്രതിഷേധം ശക്തമായി തുടരുകയാണ്. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് നടത്തിയ മനുഷ്യ മഹാശൃംഗലയില് ലക്ഷക്കണക്കിന് സ്ത്രീകളും പുരുഷന്മാരുമാണ് അണിനിരന്നത്. ഇതിനിടെയാണ് സ്ത്രീകള്‍ പ്രതിഷേധിത്തില്‍ ഇറങ്ങേണ്ടെന്ന് വ്യക്തമാക്കി കാന്തപുരം രംഗത്തെത്തിയിരിക്കുന്നത്.
സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ പ്രതിഷേധത്തിന് ഇറങ്ങേണ്ടതിന്റെ ആവശ്യമില്ല. മുഷ്ടിചുരുട്ടാനും മുദ്രാവാക്യങ്ങള്‍ വിളിക്കാനും പാടില്ല. സ്ത്രീകള്‍ കൂടി പിന്തുണയുണ്ട് എന്ന് പ്രഖ്യാപിക്കപ്പെടേണ്ട ഒരു അവസരം വന്നാല്‍ അവരുടെ പിന്തുണയുണ്ടെന്ന് തെളിയിക്കേണ്ട ആവശ്യമുണ്ടെന്നും അല്ലാതെ സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ അങ്ങനെ രംഗത്തിറങ്ങേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും കാന്തപുരം പറഞ്ഞു.
Discussion about this post