കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമബംഗാളും പ്രമേയം പാസാക്കി. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്താണ് പ്രമേയം പാസാക്കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമല്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പ്രക്ഷോഭത്തിന്റെ മുന്നില്‍ നിന്ന് നയിക്കുന്ന ഹിന്ദു സഹോദരങ്ങളോട് നന്ദി പറയുന്നതായും മമത നിയമസഭയില്‍ പറഞ്ഞു.
പൗരത്വ നിയമത്തിന് എതിരെ സമാധാനപരമായി പോരാട്ടം തുടരും. ബംഗാളില്‍ പൗരത്വ നിയമ ഭേദഗതിയും ദേശീയ ജനസംഖ്യ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.
രാജ്യത്തെ പൗരനാകാന്‍ വിദേശി ആയിരിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത് അപകടം നിറഞ്ഞ കളിയാണ്. ജനങ്ങളെ മരണത്തിലേക്ക് തളളി വിടുന്നതിന് തുല്യമാണ്. അവരുടെ കുരുക്കില്‍ വീണുപോകരുതെന്നും മമത മുന്നറിയിപ്പ് നല്കി.നേരത്തെ കേരളവും പഞ്ചാബും രാജസ്ഥാനും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.
Discussion about this post